തിരുവനന്തപുരം: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യെച്ചൂരിയുടെ മരണ വാര്‍ത്ത വലിയ വിഷമമുണ്ടാക്കിയെന്നും ഇന്ത്യയില്‍ കൂടുതലായി വേണ്ടുന്നൊരാളായിരുന്നു യെച്ചൂരിയെന്നും വേണുഗോപാല്‍ പറഞ്ഞു. ആശുപത്രിയിലായിരുന്ന ആദ്യ ദിവസങ്ങളില്‍ യെച്ചൂരിയെ കണ്ടിരുന്നുവെന്നും അപ്പോഴും വലിയ പ്രയാസമില്ലാതെ അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു ധരിച്ചിരുന്നതെന്നും വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'വാര്‍ത്ത അറിഞ്ഞയുടനേ വലിയ വിഷമമുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യെച്ചൂരിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണത്തിലായിരുന്നു ഞാനും. ആശുപത്രിയിലായിരുന്ന ആദ്യ ദിവസങ്ങളില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു, അപ്പോഴും വലിയ പ്രയാസമില്ലാതെ അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു ധരിച്ചിരുന്നത്. അവസാനമാണ് ആരോഗ്യ സ്ഥിതി വഷളാകുന്നത്. രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്നതില്‍ സംശയമില്ല. അടിയുറച്ചൊരു കമ്യൂണിസ്റ്റുകാരനാണ്, സൈദ്ധാന്തികനാണ്, ആശയങ്ങള്‍ വളരെ വ്യക്തമുള്ളയാളാണ്, അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നൊരാളാണ്,' വേണുഗോപാല്‍ പറഞ്ഞു.
ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നൊരാളായിരുന്നുവെന്നും ഇത്ര പെട്ടെന്ന് പോയത് വളരെ പ്രയാസമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളും പാര്‍ട്ടിയുടെ നിലപാടുകളും അദ്ദേഹം ഉറക്കെ പറയും. ഞങ്ങളൊരുമിച്ച് പാര്‍ലമെന്ററി കമ്മിറ്റിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിലെ വളരെ ഷാര്‍പ്പായ പ്രസംഗങ്ങളില്‍ ഒന്നായിരുന്നു യെച്ചൂരിയുടേത്. ഏത് വേദിയില്‍ ചെന്നാലും തന്റേതായ തനതായ വ്യക്തിത്വം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഒരു ഗാംഭീരതയുണ്ടായിരുന്നു,' വേണുഗോപാല്‍ പറഞ്ഞു.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.