ഡൽഹി: സീതാറാം യെച്ചൂരിയുടെ വിയോഗം തീരാ നഷ്ടമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് ചേർത്ത് ഇന്ത്യയിലെ വർഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെയാണ് നഷ്ടമായതെന്ന് കാരാട്ട് പറഞ്ഞു. അദ്ദേഹം ചെയ്തുവെച്ച മുഴുവൻ കാര്യങ്ങളും പൂർത്തീകരിക്കാൻ പാർട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
വിതുമ്പിക്കൊണ്ടാണ് ബൃന്ദ കാരാട്ട് യെച്ചൂരിയുടെ വിയോഗത്തിൽ പ്രതികരിച്ചത്. ഇന്ത്യയ്ക്ക് മകനെ നഷ്ടമായെന്നാണ് ബൃന്ദയുടെ വാക്കുകൾ. ഇന്ത്യയെ നന്നായി അറിയുന്ന മകനെ ഇന്ത്യക്ക് നഷ്ടമായി. യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താൻ ആവാത്ത വിടവാണ്. ഇന്ത്യയുടെ മൂല്യങ്ങളെ മനസ്സിലാക്കിയ നേതാവാണ് യെച്ചൂരി. അദ്ദേഹമൊരു പോരാളിയായിരുന്നുവെന്നും വിതുമ്പിക്കൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞു.
വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെല്ലാം ഇൻഡ്യ സഖ്യത്തിന്റെ നഷ്ടമായാണ് യെച്ചൂരിയുടെ വിയോഗത്തെ കാണുന്നത്. അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയാണ് കോൺഗ്രസ് നേതാക്കളടക്കം പങ്കുവെക്കുന്നത്. യെച്ചൂരിയുടെ വിയോഗം ഇൻഡ്യ സഖ്യത്തിന് നഷ്ടമെന്നാണ് ആംആദ്മി പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണം.
ഇന്ന് വൈകിട്ടോടെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു സിപിഐഎമ്മിന്റെ സൌമ്യ മുഖമായിരുന്ന യെച്ചൂരിയുടെ വിയോഗം. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു.
സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയിൽ വലിയ അവഗാഹമുള്ള നേതാവായാണ് സീതാറം യെച്ചൂരി പരിഗണിക്കപ്പെടുന്നത്.