നിലപാടുകളില്‍ നൂറു ശതമാനം വ്യക്തത, പുഞ്ചിരിക്കുന്ന സഖാവ്

സിപിഐഎമ്മിന്റെ വക്താവും മുഖവുമായിരുന്നു യെച്ചൂരി

സ്നേഹ ബെന്നി
3 min read|12 Sep 2024, 05:05 pm
dot image

തീയില്‍കുരുത്ത നേതാവെന്നൊക്കെ അക്ഷരം തെറ്റാതെ പറയാന്‍ പറ്റുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പുഞ്ചിരിക്കുന്ന നേതാവ്, കുറഞ്ഞത് അങ്ങിനെയെങ്കിലും പറയണം സീതാറാം യെച്ചൂരിയെ. ചിരിക്കുന്ന മുഖവും വ്യക്തമായ കാഴ്ച്ചപ്പാടും അതായിരുന്നു ജനങ്ങള്‍ക്ക് യെച്ചൂരി എന്ന നേതാവ്. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടില്‍ സമര പോരാട്ടങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകന്‍. വളര്‍ന്നു വരുന്ന രാഷ്ട്രീയ തലമുറയ്ക്ക് അക്ഷരം തെറ്റാതെ വിളിക്കാന്‍ സാധിക്കും മാതൃകാ സഖാവെന്ന്. തീരുമാനങ്ങള്‍ക്കും തീര്‍പ്പാക്കലുകള്‍ക്കും ഒട്ടും സന്ദേഹമില്ലാതെ, നിലപാടുകളില്‍ നൂറു ശതമാനം വ്യക്തതയായിരുന്നു ഒരു നേതാവെന്ന നിലയില്‍ യെച്ചൂരിയെ ജനങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്.

നാളിതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും ദേശീയതലത്തില്‍ സിപിഐഎമ്മിന്റെ വക്താവും മുഖവുമായിരുന്നു യെച്ചൂരി. കോണ്‍ഗ്രസുകാരുമായി ഏറ്റവും അടുപ്പമുള്ള നേതാവും യെച്ചൂരിയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരും ഇടതുപക്ഷവുമായുള്ള ബന്ധത്തിലെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് യെച്ചൂരിയായിരുന്നു. അതുകൊണ്ടാണ് സീതാറാം യച്ചൂരി ഒരേസമയം സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജനറല്‍ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞതും.

വൈദേഹി ബ്രാഹ്‌മണരായ സര്‍വേശ്വര സോമയാജലു യെച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്റ്റ് 12ന് ചെന്നൈയിലാണ് ജനിച്ചത്. പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യെച്ചൂരിയായത്, സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. അച്ഛന്‍ ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്നു. ഇടയ്്ക്കിടെയുള്ള സ്ഥലം മാറ്റത്തിനൊപ്പം യെച്ചൂരിയുടെ സ്‌കൂളുകളും മാറി. പഠനത്തില്‍ മിടുക്കനായിരുന്ന യെച്ചൂരി, പതിനൊന്നാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ രാജ്യത്ത് ഒന്നാമനായി.

1974ല്‍ എസ്എഫ്ഐയില്‍ ചേര്‍ന്നത്. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതെ വര്‍ഷം തന്നെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ജെഎന്‍യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായി. മൂന്നു തവണ യെച്ചൂരിയെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 1985-ല്‍ സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 2015ല്‍ വിശാഖപട്ടണത്ത് നടന്ന 21ാം പാര്‍ട്ടികോണ്‍ഗ്രസില്‍ ദേശീയ സെക്രട്ടറിയായി. കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസാണ് യെച്ചൂരിക്ക് മൂന്നാം ഊഴം നല്‍കിയത്. ദേശീയതലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് യെച്ചൂരി ആ സ്ഥാനത്ത് വീണ്ടും അവരോഹിതനായത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി.

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us