യെച്ചൂരിയുടെ വിയോഗം ഇൻഡ്യ സഖ്യത്തിന്റെ നഷ്ടമെന്ന് ആംആദ്മി പാര്‍ട്ടി

ഉറച്ച ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ആംആദ്മി ദേശീയ വക്താവ് സഞ്ജയ് സിങ്

dot image

ഡൽഹി: സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇൻഡ്യ സഖ്യത്തിന് നഷ്ടമെന്ന് ആംആദ്മി പാർട്ടി. ഉറച്ച ശബ്ദമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ആംആദ്മി ദേശീയ വക്താവ് സഞ്ജയ് സിങ് പ്രതികരിച്ചു. യെച്ചൂരിക്ക് ആദരാഞ്ജലികൾ അർപ്പിച്ച സിങ് കുടുംബത്തിന് ഈ ദുഖം അതിജീവിക്കാൻ കഴിയട്ടെയെന്നും പറഞ്ഞു.

വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവർ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെല്ലാം ഇൻഡ്യ സഖ്യത്തിന്റെ നഷ്ടമായാണ് യെച്ചൂരിയുടെ വിയോഗത്തെ കാണുന്നത്. അടുത്ത സുഹൃത്തിനെ നഷ്ടമായ വേദനയാണ് കോൺഗ്രസ് നേതാക്കളടക്കം പങ്കുവെക്കുന്നത്.

യെച്ചൂരിയുമൊത്തുള്ള നീണ്ട സംഭാഷണങ്ങള്‍ നഷ്ടമാകുമെന്നാണ് വിയോഗത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്. യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ അറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യെച്ചൂരി അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെന്നും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നയാളാണെന്നും വേണുഗോപാലും അനുശോചിച്ചു.

യെച്ചൂരിയുടെ അകാല വേർപാട് ഇന്ത്യൻ ജനാധിപത്യ മതേതര ശക്തികൾക്ക് തീരാനഷ്ടമാണെന്നാണ് എ കെ ആന്റണിയുടെ പ്രതികരണം. അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. രാജ്യസഭയിൽ വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ പ്രസംഗം കാതോർത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മിൽ കൂടുതൽ അടുത്തത്. ഇന്ത്യമുന്നണിയിലെ പ്രധാനിയായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ നഷ്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടമാണെന്നും എ കെ ആൻ്റണി പറഞ്ഞു.

dot image
To advertise here,contact us
dot image