പോര്‍ട്ട് ബ്ലെയറിനും പേര് മാറ്റം; പുനര്‍നാമകരണം നല്‍കി കേന്ദ്രം

കൊളോണിയല്‍ പാരമ്പര്യമൊഴിവാക്കാനാണ് പേര് മാറ്റമെന്നാണ് വിശദീകരണം

dot image

ഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിന് പുനര്‍നാമകരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയല്‍ പാരമ്പര്യമൊഴിവാക്കാനാണ് പേര് മാറ്റമെന്നാണ് വിശദീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചത്.

സ്വാതന്ത്ര്യ സമരത്തെ സൂചിപ്പിക്കുന്നതാണ് ശ്രീവിജയപുരമെന്ന പേരെന്നും സ്വാതന്ത്ര്യ സമരത്തിന് ദ്വീപുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. 'നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരു കാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവിക ആസ്ഥാനമായി പ്രവര്‍ത്തിച്ച ദ്വീപ് തന്ത്രപരവും വികസനപരവുമായ സ്വപ്‌നങ്ങളുടെ അടിത്തറയായി ഇന്ന് പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പ്രവേശന കവാടമാണ് പോര്‍ട്ട് ബ്ലെയര്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബ്രിട്ടീഷ് കൊളോണിയല്‍ നേവി ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ആര്‍ച്ചിബല്‍ഡ് ബ്ലെയറിന്റെ പേരിലാണ് ഈ നഗരത്തിന് പോര്‍ട്ട് ബ്ലെയര്‍ എന്ന പേര് ലഭിച്ചത്.

Also Read:

നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ തടവിലടച്ച സെല്ലുലാര്‍ ജയില്‍ നാഷണല്‍ മെമ്മോറിയലിന് പേര് കേട്ട നഗരമാണ് പോര്‍ട്ട് ബ്ലെയര്‍.

നേരത്തെ പല നഗരങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു. ജൂലൈയില്‍ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളും, അശോക് ഹാളും യഥാക്രമം ഗണതന്ത്ര മണ്ഡപ്, അശോക് മണ്ഡപ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തിരുന്നു.

dot image
To advertise here,contact us
dot image