രാജി വെക്കാൻ തയ്യാർ, പ്രതിഷേധക്കാർക്ക് രാഷ്ട്രീയ ലക്ഷ്യം: മമത ബാനർജി

കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ മമത, ബംഗാളിലെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പറഞ്ഞു

dot image

കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയാക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. യുവ ഡോക്ടർക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കുകയാണെന്നും മമത ആരോപിച്ചു. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണ്. മുഖ്യമന്ത്രി കസേരയല്ല മറിച്ച് ജനങ്ങൾക്ക് നീതി ലഭിക്കുകയാണ് ആവശ്യം. ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണം. ഒപ്പം ജനങ്ങൾക്ക് കൃത്യമായ പരിചരണവും ലഭിക്കണം', മമത പറഞ്ഞു. യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു. എന്നാൽ തത്സമയ സംപ്രേക്ഷണം നടത്തണം എന്നതുൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

ട്രെയിനി ഡോക്ടര്‍ക്ക് നിതീ തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ച് സമരം തുടരുകയാണ്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതോടെയാണ് സര്‍ക്കാര്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറായത്. ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യം വേണം, ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണം, ചര്‍ച്ചയ്ക്ക് 30 പേരെ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇത് പൂര്‍ണമായും അംഗീകരിച്ചില്ല. കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി തയ്യാറായെങ്കിലും ഇതിന്റെ തത്സമയ സംപ്രേഷണം വിലക്കി. ചര്‍ച്ചയ്ക്ക് പതിനഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന നിര്‍ദേശവും മുന്നോട്ട് വച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറി. സെക്രട്ടേറിയറ്റിലെ മീറ്റിങ് റൂമില്‍ രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് വാര്‍ത്താസമ്മേളനം വിളിച്ച് മമത ബാനര്‍ജി രാജിസന്നദ്ധത അറിയിച്ചത്.

ഇതിന് പിന്നാലെ ജൂനിയര്‍ ഡോക്ടര്‍മാരും മാധ്യമങ്ങളെക്കണ്ടു. മുഖ്യമന്ത്രിയുടെ രാജിയല്ല തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നിതീ ലഭിക്കണം. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഡോക്ടര്‍മാരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യാതെ സമവായത്തിന് തയ്യാറല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

dot image
To advertise here,contact us
dot image