കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി തേടി വാട്‌സാപ് ഗ്രൂപ്പ് തുടങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ രൂപഷ മണ്ഡലിനെതിരെയാണ് കൊല്‍ത്തത്ത പൊലീസ് കേസെടുത്തത്. വാട്‌സാപ് ഗ്രൂപ്പിലൂടെ രൂപഷ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചു എന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രൂപഷയെ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീടിന് നേരെ ആക്രമണം നടത്താന്‍ രൂപഷയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ച നടത്തിയെന്ന് പൊലീസ് ആരോപിക്കുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ കത്തിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റെന്നും രൂപഷയ്‌ക്കെതിരെ ബിഎന്‍എസ് സെക്ഷനിലെ 353, 111, 192 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിന് രാത്രിയാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആര്‍ജി കറിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് അടുത്ത ദിവസം മാത്രമാണ് വിവരം പുറത്തറിയുന്നത്. തൊട്ടുപിന്നാലെ സിവിക് വോളന്റീര്‍ സഞ്ജയ് റോയിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ഇടപടെല്‍ നടത്തിയെന്നുമുള്ള ആരോപണം ഉയര്‍ന്നതോടെ കേസ് സിബിഐക്ക് വിട്ടു. മമത സര്‍ക്കാര്‍ മൂന്ന് തവണ വിളിച്ചെങ്കിലും സമവായ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.