സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹിയിലെ വീട്ടിലെത്തിച്ചു

രാത്രി മുഴുവന്‍ ഭൗതിക ശരീരം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും

dot image

ഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം ഡല്‍ഹി വസന്ത് കുഞ്ചിലെ വസതിയില്‍ എത്തിച്ചു. രാത്രി മുഴുവന്‍ ഭൗതിക ശരീരം വസന്ത് കുഞ്ചിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ രാവിലെ പത്ത് മണിയോടെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി സെന്ററിലേയ്ക്ക് ഭൗതിക ശരീരം എത്തിക്കും. ഇവിടെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഡല്‍ഹി എയിംസിലെ അനാട്ടമി വിഭാഗത്തിന് കൈമാറും.

സീതാറാം യെച്ചൂരി ദീര്‍ഘനാള്‍ താമസിച്ചിരുന്നത് വസന്ത് കുഞ്ചിലെ വസതിയിലാണ്. യെച്ചൂരിയുടെ ഭൗതിക ശരീരം ഇവിയേക്ക് എത്തിക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ പ്രയാസപ്പെട്ടാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ഫ്‌ളാറ്റിലേയ്ക്ക് എത്തിച്ചത്.

ഇന്ന് വൈകീട്ട് നാലരയോടെയാണ് സീതാറാമിന്റെ ഭൗതിക ശരീരം എയിംസില്‍ നിന്ന് സിപിഐഎം നേതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് അദ്ദേഹം പഠിച്ച ജെഎന്‍യുവില്‍ പൊതുദര്‍ശനത്തിന് വച്ചു. സിപിഐഎം നേതാക്കളും ജെഎന്‍യു വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജെഎന്‍യുവിലേക്ക് ഒഴുകിയെത്തിയത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.

dot image
To advertise here,contact us
dot image