ഡല്‍ഹി: ജയിലുകള്‍ക്ക് തന്നെ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദൈവത്തിന്റെ അനുഗ്രഹമുള്ളത് കൊണ്ടാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ദൈവത്തോടൊപ്പം ഈ മഴയത്തും തന്നെ കാണാനെത്തിയ ലക്ഷക്കണക്കിനാളുകള്‍ക്ക് നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. തിഹാര്‍ ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
'എന്റെ രക്തത്തിലെ ഓരോ തുള്ളിയും രാജ്യത്തിന് വേണ്ടി ഞാന്‍ സമര്‍പ്പിക്കുന്നു. പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ ദൈവം എന്റെ കൂടെ നിന്നു. എന്റെ മനോവീര്യം തകര്‍ക്കാന്‍ അവര്‍ എന്നെ ജയിലിലടച്ചു. എന്നാല്‍ അതിനവർക്ക് സാധിച്ചില്ല. ജയിലുകള്‍ക്ക് എന്നെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ല. ജയിലില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ എന്റെ മനോവീര്യം നൂറ് മടങ്ങ് വര്‍ധിച്ചു. എന്റെ ശക്തിയും നൂറ് മടങ്ങ് വര്‍ധിച്ചു,' അദ്ദേഹം പറഞ്ഞു. രാജ്യ വിരുദ്ധ ശക്തികള്‍ക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് കെജ്‌രിവാളിന്റെ ജയില്‍മോചനം സാധ്യമായത്. ഈ വര്‍ഷം മാര്‍ച്ച് 21 മുതല്‍ തടവില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണ്ടും ഏറ്റെടുക്കാം. ഇ ഡി കേസില്‍ സുപ്രീംകോടതി ജാമ്യം നല്‍കുന്നതിന് മുമ്പ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് കെജ്‌രിവാളിന് ജയിലില്‍ തുടരേണ്ടി വന്നത്. വിചാരണ ഉടനെ ഒന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കരുത്, സെക്രട്ടറിയേറ്റില്‍ പ്രവേശിക്കരുത്, ചില ഫയലുകള്‍ മാത്രമേ കാണാവൂ തുടങ്ങിയ മുന്‍കേസിലെ ജാമ്യ വ്യവസ്ഥകള്‍ തുടരും. അറസ്റ്റിന്റെ കാര്യത്തില്‍ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ ഭിന്ന വിധിയാണ് നല്‍കിയത്. ജസ്റ്റിസ് സൂര്യകാന്ത് സിബിഐ അറസ്റ്റിനോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ഉജ്ജല്‍ ഭുയ്യാന്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തി.