ന്യൂഡൽഹി: നീണ്ട 12 മണിക്കൂർ യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് ഡൽഹി-കൊച്ചി വിമാനം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് 4702 എന്ന വിമനാമാണ് 12 മണിക്കൂർ വൈകി പുറപ്പെട്ടത്.
ഇന്നലെ രാത്രി 8.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയായിരുന്നു. ഓണം ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് പോകാനെത്തിയവരായിരുന്നു യാത്രക്കാരിൽ കൂടുതൽ പേരും.
രാവിലെ ആറ് മണിക്ക് പുറപ്പെടുമെന്നായിരുന്നു അവസാനം ലഭിച്ച അറിയിപ്പ്. പിന്നീട് വിമാനം എപ്പോൾ പുറപ്പെടും എന്നതിനെ സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ല. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ ഭക്ഷണം പോലും കിട്ടാതെ വലയുകയായിരുന്നു. തുടർന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്. വിമാനം വൈകുന്നതിനുണ്ടായ കാരണം എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.
മലയാളികളുടെ ഓണം എത്രത്തോളം ദുരിതപൂർണ്ണം ആക്കാം എന്നുള്ളതിൻ്റെ വലിയ പരീക്ഷണമാണ് എയർ ഇന്ത്യാ എക്സ്പ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞത്. ഭക്ഷണം പോലുമില്ലായിരുന്നു. യാത്രക്കാരിൽ കുട്ടികൾ, ഗർഭിണികൾ, പ്രായമായവരും മരുന്നുകഴിക്കുന്നവരും ഉണ്ടായിരുന്നു. ഇവരെയൊന്നും അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നായിരുന്നു ഒരു യാത്രക്കാരൻ റിപ്പോർട്ടറിനോട് പറഞ്ഞത്.