യെച്ചൂരിക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ; എകെജി ഭവനിൽ പൊതുദർശനം

മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു

dot image

ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനിൽ പൊതുദർശനത്തിന് വെച്ചു. മുതിർന്ന നേതാക്കൾ പാർട്ടി പതാക പുതപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ പ്രമുഖരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗങ്ങളും അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാക്കളും എകെജി ഭവനിലെത്തി. സോണിയ ഗാന്ധി അന്തിമോപചാരം അർപ്പിച്ചു. എഐസിസി ട്രഷറർ അജയ് മാക്കനും മുതിർന്ന കോൺഗ്രസ് നേതാക്കളും എകെജി ഭവനിൽ എത്തി. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരും എത്തിയിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉടൻ എകെജി ഭവനിൽ എത്തും.

എഎപി നേതാവ് മനീഷ് സിസോദിയ അന്തിമോപചാരം അർപ്പിച്ചു. ഡി എം കെ നേതാവ് കനിമൊഴി, കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പി വി അൻവർ എംഎൽഎയും അന്തിമോചാരം അർപ്പിച്ചു. പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെയുള്ള സൗഹൃദ വലയമായിരുന്നു സീതാറാം യെച്ചൂരിയുടെ ബലമെന്ന് അൻവർ പറഞ്ഞു. സീതാറാം യെച്ചൂരിയെ ഒരു നോക്ക് കാണണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് കേരളത്തിലുള്ളതെന്നും പി വി അൻവർ എംഎൽഎ റിപ്പോർട്ടറിനോട് വ്യക്തമാക്കി. യെച്ചൂരിയുടെ വിയോഗം ജനാധിപത്യ മതേതര മുന്നണിക്ക് കനത്ത ആഘാതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഐ നേതാക്കൾ ഡി രാജയുടെ നേതൃത്വത്തിൽ ആദരാഞ്ജലി അർപ്പിച്ചു. വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ അന്ത്യാഞ്ജലി അർപ്പിച്ചു. അച്ഛനോട് എക്കാലവും പ്രത്യേക സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിയാണെന്നും ഇടയ്ക്കിടെ അച്ഛന്റെ ആരോഗ്യസ്ഥിതി വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്നും അരുൺകുമാർ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലായിരിക്കെയായിരുന്നു യെച്ചൂരിയുടെ വിയോഗം. 72 വയസായിരുന്നു. 2015 ഏപ്രിൽ മാസത്തിൽ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാർട്ടി കോൺഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്. 1952 ഓഗസ്റ്റ് 12ന് മദ്രാസിലായിരുന്നു ജനനം. മൂന്ന് മണിക്ക് വിലാപയാത്രയായി മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിക്കും. ശേഷം എയിംസ് അനാട്ടമി വിഭാഗത്തിന് കൈമാറും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us