കൊല്‍ക്കത്ത: ഏറെ നേരം കാത്തിരുന്നിട്ടും സമവായ ചര്‍ച്ചയ്ക്ക് ഡോക്ടര്‍മാര്‍ യഥാസമയത്ത് എത്താത്തതില്‍ പരിഭവം പുറത്തുകാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചര്‍ച്ച വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതോടെ താന്‍ ഏറെ നേരം കാത്തിരുന്നു. തന്നെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്. മുന്‍പ് മൂന്ന് തവണ ചര്‍ച്ചയ്ക്ക് താന്‍ കാത്തിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ പങ്കെടുത്തില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഡോക്ടര്‍മാരെ മമത ബാനര്‍ജി ഇന്ന് സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാര്‍ സമരം നടത്തുന്ന ഇടത്തെത്തിയായിരുന്നു സന്ദര്‍ശനം. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തു. എന്നാല്‍ 45 മിനിറ്റ് വൈകിയാണ് ഡോക്ടര്‍മാര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. ഇതോടെ മമതയുടെ പിടിവിട്ടു. തന്നെ ഇങ്ങനെ അപമാനിക്കരുതെന്ന് മമത ബാനര്‍ജി ഡോക്ടര്‍മാരോട് പറഞ്ഞു.
ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ 30 പേരായിരുന്നു എത്തിയത്. എന്നാല്‍ പതിനഞ്ച് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മമത ബാനര്‍ജി പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതുകൊണ്ട് ചര്‍ച്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്ത് കനത്ത മഴയാണെന്നും അകത്ത് പ്രവേശിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു എന്നാല്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ പിന്മാറി. ചര്‍ച്ചയ്ക്കായുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ ഡോക്ടറെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് പിറ്റേദിവസം വൈകീട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. ഇതോടെ ക്രൂരബലാത്സംഗക്കൊല മറച്ചുവയ്ക്കാന്‍ പൊലീസ് ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നു. ഇതിന് പിന്നാലെ ഡോക്ടര്‍ക്ക് നിതീ തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തിവെച്ച് പ്രതിഷേധിച്ചു. ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ തയ്യാറായിട്ടില്ല.