ഉദയനിധി ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കോ? സൂചന നല്‍കി സ്റ്റാലിൻ

മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

dot image

ചെന്നൈ: ഉദയനിഥി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തിയേക്കുമെന്ന സൂചനകള്‍ നല്‍കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി സ്റ്റാലിൻ. നിങ്ങൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിന്റെ പരാമർശം.

അമേരിക്കയിൽ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകന്‍ കൂടിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്.

'ഡിഎംകെ പറഞ്ഞ കാര്യങ്ങൾ ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ മാത്രമേ പറയൂ. നിങ്ങൾ മനസിൽ ആ​ഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും', എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്.

നേരത്തെ ഓ​ഗസ്റ്റ് 22ന് മുമ്പ് ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ജനുവരിയിലും സമാന രീതിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങൾ പ്രചരിച്ചിരുന്നെങ്കിലും സ്റ്റാലിൻ അതെല്ലാം തള്ളുകയായിരുന്നു.

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയായിരുന്നു എം കെ സ്റ്റാലിന്റെ യുഎസ് സന്ദർശനം. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ കമ്പനികളുമായി 7618 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടെന്നും ഇതിലൂടെ 11,516 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

dot image
To advertise here,contact us
dot image