കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷും സ്‌റ്റേഷന്‍ എസ്എച്ച്ഒ അഭിജിത്ത് മണ്ഡലും അറസ്റ്റില്‍. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്. കേസെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എസ്എച്ച്ഒയുടെ അറസ്റ്റ്. ആര്‍ജി കറിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെ സിബിഐ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് ഒന്‍പതിനാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ ഡോക്ടറെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് പിറ്റേദിവസം വൈകീട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ച ശേഷം മാത്രമാണ് പൊലീസ് കേസെടുത്തത്. ഇതോടെ ക്രൂരബലാത്സംഗക്കൊല മറച്ചുവയ്ക്കാന്‍ പൊലീസ് ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നു. ഇതിനിടെ സിവിക് വോളന്റീര്‍ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസിനെതിരെ ആരോപണം ശക്തമായതോടെ കേസ് സിബിഐക്ക് വിട്ടു.
സിബിഐ അന്വേഷണത്തില്‍ ആര്‍ജി കറിലെ സാമ്പത്തിക ക്രമക്കേടില്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന് ബന്ധമുണ്ടെന്ന് വ്യക്തമായി. പതിനഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇതിനിടെ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന് തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ട് സന്ദീപ് ഘോഷ് പൊതുമരാമത്ത് വകുപ്പിന് എഴുതിയ കത്ത് പുറത്തുവന്നു. ഇതോടെ കൊലപാതകത്തില്‍ സന്ദീപ് ഘോഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഇതോടെ സന്ദീപ് ഘോഷിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ആര്‍ജി കറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിന് സന്ദീപ് ഘോഷിന്റെ അടുത്ത അനുയായികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.