
ശ്രീനഗർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നായിബ് സുബേദാർ വിപൻ കുമാർ, സിപോയി അരവിന്ദ് സിങ്ങ് എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. കത്വയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസുമായി സംയുക്തമായി ഛത്രൂവിലെ കിഷ്ത്വാറിൽ നടത്തിയ ഓപറേഷനിടെയായിരുന്നു സൈനികർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. വനത്തിൽ സൈനികർ നടത്തിയ തിരച്ചിലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഏർപ്പെട്ട ഭീകരർ തന്നെയാണ് ജൂലൈയിൽ ദോഡയിൽ നാല് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഏറ്റുമുട്ടലിനു പിന്നിലെന്നാണ് നിഗമനം. ജമ്മുകശ്മീരിലെ ദോഡ, കിഷ്ത്വാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സംഭവം. സെപ്റ്റംബർ 18മുതലായിരിക്കും വോട്ടെടുപ്പ്.