ഡൽഹി: കെജ്‌രിവാളിൻ്റെ രാജി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് കോൺഗ്രസ്. ഓഫീസിൽ പോയി ഫയലുകളിൽ ഒപ്പിടാൻ കഴിയുന്ന മുഖ്യമന്ത്രിയെ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവ് പറഞ്ഞു. ഡൽഹിയിൽ വെള്ളപ്പൊക്കവും കുടിവെള്ളക്ഷാമവും നേരിട്ടപ്പോൾ രാജിവച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും യാദവ് വിമർശിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ കടമ നിറവേറ്റാൻ കെജ്‍രിവാളിനാകില്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും വിമർശിച്ചു. സുപ്രീം കോടതി കെജ്‍രിവാളിനെ ക്രിമിനലായാണ് പരിഗണിച്ചത്. ഇതിനെ ധാർമികതയുമായി ബന്ധിപ്പിക്കേണ്ട. രാജി പ്രഖ്യാപനം പ്രഹസനമെന്നും സന്ദീപ് ദീക്ഷിത് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് കെജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് കെജ്‍രിവാൾ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു.
രണ്ട് ദിവസത്തിനകം നിയമസഭാ കക്ഷി യോഗം ചേരുമെന്നും അതിൽ മുഖ്യമന്ത്രിയുടെ പേര് തീരുമാനിക്കുമെന്നും കെജ്‍രിവാൾ അറിയിച്ചു. ഫെബ്രുവരിയിൽ ഡൽഹിയിൽ തിരഞ്ഞെടുപ്പുണ്ട്. എന്നാൽ മഹാരാഷ്ട്രയ്‌ക്കൊപ്പം ഡൽഹി തിരഞ്ഞെടുപ്പുണ്ടെന്നിരിക്കെ നവംബറിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെജ്‍രിവാളിന്റെ ആവശ്യം.
ജയിലിൽ ഒരുപാട് സമയം ലഭിച്ചു, നിരവധി പുസ്തങ്ങൾ വായിച്ചു, ഭഗത് സിങ്ങിന്റെ ജയിൽ ഡയറി എന്ന പുസ്തകം ഉയർത്തി കാട്ടി കെജ്‌രിവാൾ പറഞ്ഞു. ഒരു ചെറിയ പാർട്ടിയായി തുടങ്ങിയ എഎപി ഇന്ന് ദേശീയ പാർട്ടിയാണ്. മതഗ്രന്ഥങ്ങളും മറ്റു പല പുസ്തകങ്ങളും വായിച്ചു. ഭഗത് സിങ്ങിന്റെ പുസ്തകം ഏറെ സ്വാധീനിച്ചുവെന്നും കെജ്‍രിവാൾ പറഞ്ഞു.
ഡൽഹി ലഫ്. ഗവർണർക്കെതിരെയും കെജ്രിവാൾ രംഗത്തെത്തി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് വരെ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചു. സർക്കാരുകളെ തകർക്കാൻ ബിജെപി ശ്രമിച്ചു. പക്ഷെ എഎപി അതിനെ എല്ലാം പ്രതിരോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്റെ പേര് പരാമർശിച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാൾ പ്രസംഗിച്ചത്. പിണറായി വിജയനും മമതാ ബാനർജിക്കുമെതിരെ കേന്ദ്രം കേസുകളെടുത്തു. എവിടെയൊക്കെ ബിജെപി പരാജയപ്പെടുന്നോ, അവിടുത്തെ മുഖ്യമന്ത്രിമാരെ ജയിലിലടയ്ക്കാൻ ആണ് അവർ ശ്രമിക്കുന്നതെന്നും കെജ്‍രിവാൾ കൂട്ടിച്ചേർത്തു.