ന്യൂഡല്‍ഹി: രാജി പ്രഖ്യാപനത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനം പി ആര്‍ സ്റ്റണ്ട് ആണെന്നാണ് ബിജെപിയുടെ പ്രതികരണം. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ഭാര്യ സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനാണ് അരവിന്ദ് കെജ്‌രിവാളിന്റെ നീക്കമെന്നും ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനാവാല പറഞ്ഞു.
'മദ്യനയ അഴിമതിക്കേസില്‍ കുറ്റവിമുക്തനാക്കാത്തതും കര്‍ശന ഉപാധികളോടെ ജാമ്യമനുവദിച്ചതും കെജ്‌രിവാളിനെ ജനമനസില്‍ മുഖ്യമന്ത്രിയെന്നതില്‍ നിന്ന് ആചാരപരമായ മന്ത്രിയെന്ന നിലയിലേക്ക് മാറ്റി. ഇപ്പോള്‍ നടത്തിയ രാജി പ്രഖ്യാപനമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹത്തിന്റെ നാടകം മാത്രമാണ്. ഇതെല്ലാം സുനിത കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ്,' പൂനാവാല പറഞ്ഞു.
അതേസമയം, എഎപി അഴിമതിയുടെ പാര്‍ട്ടിയാണെന്നും ഡല്‍ഹി വോട്ടര്‍മാര്‍ക്കിടയിലുള്ള പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നുമാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് ബണ്ഡാരിയുടെ പ്രതികരണം. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്‍റെ പ്രതിച്ഛായ നഷ്ടമായെന്നും അഴിമതിക്കാരനായ നേതാവെന്ന തോന്നലുണ്ടെന്നും ഇത് മാറ്റാനാണ് കെജ്‌രിവാള്‍ രാജി നാടകം നടത്തുന്നതെന്നും പ്രദീപ് ബണ്ഡാരി ആരോപിച്ചു.
ജനങ്ങളെ നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ ചിലര്‍ രാജിവെക്കും. ജനരോഷം അദ്ദേഹത്തെ രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ബിജെപി രാജ്യതലസ്ഥാനത്ത് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ഇത് ഉറപ്പായതിനാലാണ് പഴിചാരാന്‍ മറ്റൊരാളെ കൊണ്ടുവരാനുള്ള കെജ്‌രിവാളിന്റെ ശ്രമമെന്നും ബണ്ഡാരി കൂട്ടിച്ചേര്‍ത്തു.
ഏഴ് സീറ്റുകളിലും തോല്‍പ്പിച്ചുകൊണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പെ ജനങ്ങള്‍ കെജ്‌രിവാള്‍ വിഷയത്തില്‍ വിധിയെഴുതി കഴിഞ്ഞിട്ടുണ്ട്. മന്ത്രിസഭ പിരിച്ചുവിട്ട് നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കട്ടെ. സമൂഹത്തിന് അവരെ മടുത്തുകഴിഞ്ഞുവെന്നും ബിജെപി എംപി സുധാന്‍ശു ത്രിവേദി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നാണ് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവർക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‍രിവാൾ പറഞ്ഞു.
'ജയിലിൽ ഒരുപാട് സമയം ലഭിച്ചു, നിരവധി പുസ്തങ്ങൾ വായിച്ചു', ഭഗത് സിങ്ങിന്റെ ജയിൽ ഡയറി എന്ന പുസ്തകം ഉയർത്തി കാട്ടി കെജ്‌രിവാൾ പറഞ്ഞു. ഒരു ചെറിയ പാർട്ടിയായി തുടങ്ങിയ എഎപി ഇന്ന് ദേശീയ പാർട്ടിയാണ്. മതഗ്രന്ഥങ്ങളും മറ്റു പല പുസ്തകങ്ങളും വായിച്ചു. ഭഗത് സിങ്ങിന്റെ പുസ്തകം ഏറെ സ്വാധീനിച്ചുവെന്നും കെജ്‍രിവാൾ പറഞ്ഞു.