കെജ്‍രിവാളിന്റെ രാജി നാളെ; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും

എംഎൽഎമാരുടെ യോ​ഗം നാളെ 11 മണിക്ക് ചേരാനാണ് തീരുമാനം

dot image

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അരവിന്ദ് കെജ്‍രിവാളിന്റെ രാജി നാളെ. വൈകുന്നേരം 4.30ന് ​ലഫ്. ഗവർണർ വി കെ സക്സേനയ്ക്ക് രാജിക്കത്ത് കൈമാറും. എംഎൽഎമാരുടെ യോ​ഗം നാളെ 11 മണിക്ക് ചേരാനാണ് തീരുമാനം. യോ​ഗത്തിലായിരിക്കും പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക. എംഎൽഎമാരുടെ പിന്തുണക്കത്ത് ലഫ്. ഗവർണർക്ക്‌ കൊടുക്കും.

നിയമവ്യവസ്ഥയിൽ നിന്നും തനിക്ക് നീതി ലഭിച്ചുവെന്നും ഇനി നീതി ലഭിക്കാനുള്ളത് ജനങ്ങളുടെ കോടതിയിൽ നിന്നാണെന്നും അരവിന്ദ് കെജ്‍രിവാൾ നേരത്തെ പറഞ്ഞിരുന്നു. ജനങ്ങളുടെ കോടതിയിലെ അ​ഗ്നിപരീക്ഷയിൽ വിജയിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിലിരിക്കൂവെന്നും അ​ദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാജി പ്രഖ്യാപനം.

Also Read:

ഡൽഹിക്കപ്പുറം ദേശീയതലത്തിൽ കൂടി വലിയ ചർച്ചകളിലേക്കായിരുന്നു കെജ്‍രിവാളിന്റെ പ്രഖ്യാപനം ചെന്നെത്തിയത്. സെക്രട്ടേറിയേറ്റിലേക്ക് പ്രവേശിക്കുന്നതിന് ജാമ്യവ്യവസ്ഥയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഒപ്പ് വേണ്ട ഫയലുകൾ മാത്രം പരിശോധിക്കാനാണ് അനുമതി.

ഇത്തരത്തിൽ മുഖ്യമന്ത്രിയായി തുടരുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്നതാണ് രാജി പ്രഖ്യാപനത്തിന് പിന്നിലെന്നാണ് നി​​ഗമനം.

'എന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ എനിക്ക് വോട്ട് ചെയ്യുക, അല്ലെങ്കിൽ എനിക്ക് വേണ്ടി നിങ്ങൾ വോട്ട് ചെയ്യേണ്ടതില്ല' എന്ന പറഞ്ഞ മറ്റൊരു നേതാവ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലെന്നാണ് പാർട്ടി നേതാവും ധനം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അതിഷി മർലേന രം​ഗത്തെത്തിയത്. അതേസമയം രാജി പ്രഖ്യാപനത്തിന് പിന്നിൽ എഎപിയിലെ രാഷ്ട്രീയ പ്രതിസന്ധികൾ മാത്രമല്ല കെജ്‍രിവാളിൻറെ വ്യക്തി താത്പര്യങ്ങളുമുണ്ടെന്ന ചർച്ചകളും സജീവമാണ്. ഉൾപ്പാർട്ടി പോര് പല ഘട്ടത്തിലും മറനീക്കി പുറത്തുവന്നിട്ടുള്ളതാണ്. കെജ്‍രിവാൾ അല്ലെങ്കിൽ മറ്റാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരുകാലത്തും കൃത്യമായി പറയാൻ എഎപിക്ക് കഴിഞ്ഞിട്ടില്ല.

നിലവിൽ ധനകാര്യ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യുന്നതിനുള്ള തടസങ്ങൾ നീക്കാനാണ് രാജി പ്രഖ്യാപന നാടകമെന്ന വാദങ്ങളും ഉയരുന്നുണ്ട്. മുഖ്യമന്ത്രി കസേര ഭാര്യ സുനിത കെജ് രിവാളിന് നൽകി അധികാരം വീണ്ടും തന്റെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് രാജി പ്രഖ്യാപനമെന്ന വിമർശനവും ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us