ഡല്‍ഹി: രണ്ട് വര്‍ഷത്തിനിടെ ബിജെപി എന്തൊക്കെ ചെയ്തിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ജനങ്ങളിലും സത്യസന്ധതയിലും വിശ്വാസമുണ്ടെന്ന് ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം, തന്നെ വിശ്വാസമുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്ന് പറയുന്ന മുഖ്യമന്ത്രി ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു സൗരഭിന്റെ പ്രതികരണം.
'ആദ്യമായാണ് സത്യസന്ധതയുടെ പേരില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. കേന്ദ്രം എല്ലാ ഏജന്‍സികളെയും മുഖ്യമന്ത്രിക്കെതിരെ ഉപയോഗിച്ചു. കെജ്‌രിവാള്‍ ഒറ്റയ്ക്ക് പോരാടി പുറത്ത് വന്നു', അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആര്‍ത്തിയോടെ കാത്തിരിക്കുകയാണെന്നും അവര്‍ വോട്ട് ചെയ്ത് കെജ്‌രിവാളിനെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുമെന്നും സൗരഭ് കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ലോകം മുഴുവന്‍ കെജ്‌രിവാളിന്റെ രാജി ചര്‍ച്ച ചെയ്യുന്നു. ജയിലില്‍ വെച്ച് കെജ്‌രിവാള്‍ രാജിവെച്ചിരുന്നുവെങ്കില്‍ ബിജെപി പറയുമായിരുന്നു ഞങ്ങള്‍ രാജി വെപ്പിച്ചു എന്ന്. എന്നാല്‍ പോരാടി പുറത്ത് വന്നിട്ടാണ് രാജി പ്രഖ്യാപിച്ചത്. കെജ്‌രിവാളിന്റെ തീരുമാനത്തെ ജനങ്ങള്‍ പ്രശംസിക്കുന്നു', സൗരഭ് പറഞ്ഞു.
അതേസമയം നാളെ രാജിവെക്കാനിരിക്കെ മനീഷ് സിസോദിയയും കെജ്‌രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്താനാണ് സിസോദിയ കെജ്‌രിവാളിന്റെ വസതിയിലെത്തിയത്. സിസോദിയയെ കൂടാതെ ആം ആദ്മി എംപി രാഘവ് ചദ്ദയും കൂടിക്കാഴ്ചയ്‌ക്കെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ രണ്ട് ദിവസത്തിനുള്ളില്‍ രാജി വെക്കുമെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാര്‍ട്ടി ആസ്ഥാനത്ത് വച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. തെറ്റ് ചെയ്തവര്‍ക്കെ ഭയപ്പെടേണ്ട ആവശ്യമുള്ളൂ എന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.