ആരോഗ്യ സെക്രട്ടറിയേയും പൊലീസ് കമ്മീഷണറേയും മാറ്റണം; മമതയ്ക്ക് മുന്നില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി എത്രയും വേഗം ജോലിക്ക് കയറണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു

dot image

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടര്‍ക്ക് നീതി തേടി സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ സമരം അവസാനിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി എത്രയും വേഗം ജോലിക്ക് കയറണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിച്ചതായാണ് വിവരം. അത്യാഹിത വിഭാഗങ്ങളിലെ ജോലി പുനരാരംഭിക്കാന്‍ ജൂനിയര്‍ ഡോക്ടമാര്‍ സമ്മതിച്ചതായും വിവരമുണ്ട്. സമരപന്തലിലെ മറ്റ് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സമവായത്തിനുള്ള അവസാന ശ്രമമെന്ന നിലയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ആറ് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു ചര്‍ച്ച തീരുമാനിച്ചത്. പറഞ്ഞത് പ്രകാരം ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയ്‌ക്കെത്തി. തങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇതിന് പുറമെ ആരോഗ്യ സെക്രട്ടറി, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ എന്നിവരെ മാറ്റണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.

നേരത്തെ സര്‍ക്കാര്‍ നാല് തവണ ജൂനിയര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ അനുഭാവ നിലപാടായിരുന്നില്ല ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. ചര്‍ച്ചയുടെ തത്സമയ സംപ്രേഷണം നല്‍കണം, മുപ്പത് പേരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തത്സമയ സംപ്രേഷണം അുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചര്‍ച്ചയില്‍ പതിനഞ്ച് പേര്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടും സ്വീകരിച്ചിരുന്നു. ഇതോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാതെ വന്നപ്പോള്‍ മമത ബാനര്‍ജി ഒരു ഘട്ടത്തില്‍ രാജി സന്നദ്ധത വരെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയല്ല വേണ്ടതെന്നും കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതിയാണ് വേണ്ടതെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്. ഇതിനിടെ ട്രെയിനി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍ജി കര്‍ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനേയും എസ്എച്ച്ഒ അഭിജിത് മൊണ്ടാലിനേയും സിബിഐ അറസ്റ്റ് ചെയ്തു. ഇതിന് ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായത്.

dot image
To advertise here,contact us
dot image