കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രശ്‌നപരിഹാരത്തിന്റെ അവസാന ശ്രമമെന്ന നിലയില്‍ സര്‍ക്കാര്‍ ജൂനിയര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇത് അഞ്ചാമത്തെ തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സമവായ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്.
തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് എത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജൂനിയര്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ട പ്രകാരം ചര്‍ച്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കുറച്ചു മിനിറ്റുകള്‍ മാത്രം റെക്കോര്‍ഡ് ചെയ്യാമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അയച്ച ഔദ്യോഗിക അറിയിപ്പില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പതിവുപോലെ മമത ബാനര്‍ജിയുടെ കാലിഘട്ടിലെ വസതിയില്‍ 4.45 ന് എത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, യോഗം ചേര്‍ന്ന ശേഷം ചര്‍ച്ചയ്ക്ക് പോകണമോ എന്നതില്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുക്കും.
നേരത്തെ സര്‍ക്കാര്‍ വിളിച്ച സമവായ ചര്‍ച്ചയോട് അനുഭാവ നിലപാടായിരുന്നില്ല ജൂനിയര്‍ ഡോക്ടര്‍മാര്‍ സ്വീകരിച്ചത്. ചര്‍ച്ചയുടെ തത്സമയ സംപ്രേഷണം നല്‍കണം, മുപ്പത് പേരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തത്സമയ സംപ്രേഷണം അുവദിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ചര്‍ച്ചയില്‍ പതിനഞ്ച് പേര്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടും സ്വീകരിച്ചു. ഇതോടെ ചര്‍ച്ചയ്ക്ക് പങ്കെടുക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാതെ വന്നപ്പോള്‍ മമത ബാനര്‍ജി ഒരു ഘട്ടത്തില്‍ രാജി സന്നദ്ധത വരെ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയല്ല വേണ്ടതെന്നും കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതിയാണ് വേണ്ടതെന്നുമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്.