ഭുപനേശ്വർ: ഒഡിഷയിൽ കോളേജ് ഹോസ്റ്റലിൽ ബീഫ് കറിവെച്ചെന്ന് ചൂണ്ടിക്കാട്ടി ഏഴ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒഡിഷയിലെ ബർഹാംപൂരിലാണ് സംഭവം. ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളെ പുറത്താക്കിയതെന്ന് വിദ്യാർത്ഥി ക്ഷേമ കാര്യ ഡീൻ പറഞ്ഞു.
ബുധനാഴ്ച രാത്രി വിദ്യാർത്ഥികൾ ഹോസ്റ്റലിൽ ബീഫ് കറിയുണ്ടാക്കിയതാണ് സംഭവത്തിന് പിന്നിൽ. ഹോസ്റ്റലിലെ പെരുമാറ്റച്ചട്ടവും നിരോധിത പ്രവർത്തനങ്ങളും എന്തൊക്കെയാണെന്ന ചോദ്യത്തിന് അധികൃതർ പ്രതികരിച്ചിട്ടില്ല. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും 2000 രൂപ പിഴയും അധികൃതർ ഈടാക്കിയിട്ടുണ്ട്. വിവരം മറ്റ് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഡീനിനെ അറിയിക്കുകയായിരുന്നു.
എല്ലാവരുടെയും വിശ്വാസങ്ങളുടെ പ്രധാന്യം മനസിലാക്കേണ്ടതും ബഹുമാനിക്കേണ്ടതുമാണ്. എന്നാൽ ചില വിദ്യാർത്ഥികളുടെ പ്രവർത്തി മറ്റു വിദ്യാർത്ഥികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയും പ്രയസമുണ്ടാക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹോസ്റ്റൽ ഡീൻ പറഞ്ഞു.
ബീഫ് കറി വെച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത് എന്നിവർ രംഗത്തെത്തിയിരുന്നു. നേരത്തെ ഉത്തർപ്രദേശിൽ നോൺവെജ് ബിരിയാണി കൊണ്ടുവന്നെന്ന് ചൂണ്ടിക്കാട്ടി ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു. കാരണം തിരക്കിയെത്തിയ കുട്ടിയുടെ അമ്മയയോട് സ്കൂൾ പ്രിൻസിപ്പൾ അപകീർത്തി പരാമർശം നടത്തുകയും ചെയ്തിരുന്നു.