ബംഗളൂരു: കേരളത്തിലെ ഹേമ കമ്മിറ്റി മാതൃകയില്‍ കമ്മിറ്റി രൂപീകരിക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക വനിതാ കമ്മീഷന്‍. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സ്ഥിരം സംവിധാനം വേണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതിനിടെ കര്‍ണാടക ഫിലിം ആന്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സ് വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരം സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കേട്ടു. നിരവധി പേര്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് മുന്നില്‍ പരാതി നല്‍കി. സിനിമയിലെ സ്ത്രീകളുടെ സുരക്ഷ പ്രധാനമാണെന്നും ലൈംഗിക ചൂഷണം തടയാന്‍ നടപടി ഉണ്ടാകണമെന്നും വനിതാ കമ്മീഷന്‍ ഫിലിം ചേംബറിനോട് അഭ്യര്‍ത്ഥിച്ചു.
സിനിമ ചിത്രീകരണവേളയില്‍ നടിമാരുടെ സുരക്ഷക്ക് എന്തൊക്കെ നടപടിള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കണമെന്നും നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു . ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി കര്‍ണാടകയില്‍ വേണമെന്ന ആവശ്യം ഫയര്‍ എന്ന കൂട്ടായ്മയായിരുന്നു ആദ്യം മുന്നോട്ടുവച്ചത്. ഇതേ തുടര്‍ന്നാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍.