ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഫിറോസാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം.
കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പടക്കനിര്‍മാണ ശാലയാണെന്ന് തിരിച്ചറിയുന്നത്. നിരവധി സ്‌ഫോടന വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ ആറോളം വീടുകള്‍ തകര്‍ന്നാതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് രമേഷ് രഞ്ജന്‍ സ്ഥലം സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു. അതേസയം സ്‌ഫോടനം എങ്ങനെ നടന്നു എന്ന് വ്യക്തമല്ല.