അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു; ഇനി അതിഷിയുടെ ഊഴം

നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു.

dot image

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലഫ്. ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസിലെത്തി കെജ്‌രിവാള്‍ രാജി കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും കെജ്‌രിവാളിനൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് അതിഷി നന്ദി അറിയിച്ചു. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അതിഷിയുടെ പ്രതികരണം.

'അരവിന്ദ് കെജ്രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്രിവാള്‍ ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു'; അതിഷി പറഞ്ഞു.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു. ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us