'ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേ ഉള്ളൂ, അത് അരവിന്ദ് കെജ്‌രിവാളാണ്'; നന്ദി പറഞ്ഞ് അതിഷി

ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നും ഒരു ബിജെപി സംസ്ഥാനത്തും ഇല്ലാത്ത അത്രയും ആനുകൂല്യങ്ങള്‍ ഡല്‍ഹിയില്‍ നല്‍കുന്നുവെന്നും അതിഷി

dot image

ഡല്‍ഹി: മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് നന്ദി അറിയിച്ച് അതിഷി മര്‍ലേന. ആം ആദ്മി പാര്‍ട്ടിയില്‍ മാത്രമേ ഇത് പറ്റുവെന്നും താന്‍ സന്തോഷവതിയാണെന്നും അതിഷി പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അതിഷി.

'അരവിന്ദ് കെജ്‌രിവാള്‍ എന്നില്‍ ഇത്ര വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. രാജ്യത്ത് ആരും ചെയ്യാത്തതാണ് കെജ്‌രിവാള്‍ ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജെപി കെജ്‌രിവാളിനെ ബുദ്ധിമുട്ടിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് 6 മാസം ജയിലില്‍ ഇട്ടു. സിബിഐ കൂട്ടിലടച്ച തത്ത എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു'; അതിഷി പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് എതിരാണെന്നും ഒരു ബിജെപി സംസ്ഥാനത്തും ഇല്ലാത്ത അത്രയും ആനുകൂല്യങ്ങള്‍ ഡല്‍ഹിയില്‍ നല്‍കുന്നുവെന്നും അതിഷി കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ കുറച്ച് കാലം മാത്രമാണ് മുഖ്യമന്ത്രി. കുറച്ചു മാസത്തെക്ക് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം എന്നിലാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേ ഉള്ളൂ. അത് അരവിന്ദ് കെജ്‌രിവാളാണ്. കെജ്‌രിവാളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചു തന്നെ മുന്നോട്ട് പോകും'; അതിഷി പറഞ്ഞു.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്‌രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image