മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മമതയെ നീക്കണമെന്നാവശ്യം; അഭിഭാഷകനോട് കയർത്ത് ചീഫ് ജസ്റ്റിസ്

മുഖ്യമന്ത്രിയോട് രാജിവെക്കാൻ പറയുകയാണ് ലക്ഷ്യമെങ്കിൽ അത് കോടതിയുടെ നിയന്ത്രണത്തിൽ വരുന്ന കാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

dot image

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മമത ബാനർജിയെ നീക്കാൻ കോടതിയുടെ നിർദേശം തേടിയ അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്. കോടതിയുടെ പരാമർശങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആദ്യം കോടതിയിൽ നിന്ന് നിങ്ങളെ പുറത്താക്കേണ്ടിവരുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പരാമർശം. യുവ ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. പശ്ചിമബം​ഗാളിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രി രാജി വെക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

Also Read:

വാദം പൂർത്തിയാകാനിരിക്കെ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഇടക്കാല അപേക്ഷ ഫയൽ ചെയ്യാൻ അഭിഭാഷകൻ ശ്രമിച്ചിരുന്നു. ഇടക്കാല അപേക്ഷയിലെ രാഷ്ട്രീയ താത്പര്യത്തെ കുറിച്ച് പരാമർശിച്ച കോടതി വിഷയത്തിൽ അതൃപ്തിയും അറിയിച്ചിരുന്നു.

നിങ്ങൾ ആർക്കുവേണ്ടിയാണ് വാദിക്കുന്നത്? ഇതൊരു രാഷ്ട്രീയ വേദിയല്ല. നിങ്ങൾ ബാർ അം​ഗമാണെന്നത് ഓർമ വേണം. ഞങ്ങൾ എന്ത് പറയുന്നു എന്നതിന് നിങ്ങളുടെ അം​​ഗീകാരം ആവശ്യമില്ല. നിങ്ങൾ പറയുന്ന കാര്യങ്ങൾ നിയമപരമായ അച്ചടക്കം പാലിച്ചിരിക്കണം. എതെങ്കിലുമൊരു രാഷ്ട്രീയ പ്രവർത്തകനോ പ്രസ്ഥാനത്തിനോ എതിരെ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കാനല്ല കോടതിയുള്ളത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല, ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു.

Also Read:

കൊൽക്കത്തയിൽ യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടർമാരുടെ പരാതികൾ കേൾക്കുകയാണ് കോടതിയുടെ ഉദ്ദേശ്യം. മുഖ്യമന്ത്രിയോട് രാജിവെക്കാൻ പറയുകയാണ് ലക്ഷ്യമെങ്കിൽ അത് കോടതിയുടെ നിയന്ത്രണത്തിൽ വരുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ വകവെയ്ക്കാതെ അഭിഭാഷകൻ വാദം തുടർന്നതോടെ 'നിങ്ങൾ കോടതിയുടെ പരാമർശങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ആദ്യം നിങ്ങളെ പുറത്താക്കേണ്ടിവരു'മെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മുന്നറിയിപ്പ്. അതേസമയം തങ്ങൾക്കാവശ്യം മുഖ്യമന്ത്രിയുടെ രാജിയല്ലെന്നും മറിച്ച് മുന്നോട്ട് വെച്ച് അഞ്ച് ആവശ്യങ്ങൾ നടപ്പിലാക്കുകയെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.

സിബിഐയുടെ രഹസ്യാത്മക സ്ഥിതിവിവര റിപ്പോർട്ട് പരിശോധിച്ച ബെഞ്ച്, എന്തെങ്കിലും പരസ്യമായ വെളിപ്പെടുത്തൽ തുടർന്നുള്ള അന്വേഷണത്തെ അപകടത്തിലാക്കുമെന്ന് നിരീക്ഷിച്ചു. സെപ്തംബർ 24നകം കേസിൻ്റെ പുരോഗതി സംബന്ധിച്ച് സ്ഥിതിയറിയിക്കണമെന്നും വ്യക്തമാക്കി. ഇരയായ ഡോക്ടറുടെ പിതാവ് നൽകിയ കത്തും കോടതി പരിശോധിച്ചു. കേസന്വേഷണത്തിൽ പിതാവിന്റെ ആശങ്കകൾ കൂടി കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ ഡോക്ടർമാർ തയ്യാറാണെന്ന് പ്രതിഷേധക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് പറഞ്ഞു.

വിക്കിപീഡിയയിൽ നിന്നും ഇരയുടെ പേരുൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image