'ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നതില്‍ ആം ആദ്മിക്ക് വീഴ്ച പറ്റി'; വിമര്‍ശനവുമായി ഡല്‍ഹി കോണ്‍ഗ്രസ്

അടുത്ത വര്‍ഷം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദേവേന്ദ്ര യാദവ്

dot image

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി മര്‍ലേനയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദ്ര യാദവ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്ന് മാസം മാത്രമാണ് അദിഷിയുടെ കാലയളവെന്നും അദ്ദേഹം പറഞ്ഞു. അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ദേവേന്ദ്ര യാദവിന്റെ പ്രതികരണം.

'ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടിക്ക് വീഴ്ച പറ്റി. അടുത്ത വര്‍ഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. പുതിയ മുഖ്യമന്ത്രിക്ക് ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ആം ആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡല്‍ഹി മുഖ്യമന്ത്രിമാരായിരുന്നു.

ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് വൈകീട്ടോടെ കെജ്രിവാള്‍ രാജി സമര്‍പ്പിക്കുമെന്നാണ് വിവരം.

dot image
To advertise here,contact us
dot image