കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെനിയി ഡോക്ടര്‍ക്ക് നീതി തേടി സമരം നടത്തുന്ന ജൂനിയർ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ബംഗാള്‍ സര്‍ക്കാരില്‍ കൂട്ട നടപടി. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെയും ആരോഗ്യവകുപ്പ് ഡയറക്ടറെയും നീക്കി. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയലിനെ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ തെളിവ് നശിപ്പിക്കാന്‍ കമ്മീഷണര്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊല്‍ക്കത്ത ഡെപ്യൂട്ടി കമ്മീഷണറെ നീക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും അച്ചടക്ക നടപടിയെടുക്കാത്തതില്‍ ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പുള്ളതായാണ് വിവരം.
ഇന്നലെ മമതയുമായി നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യ ഡയറക്ടറേയും കൊല്‍ക്കത്ത പൊലീസ് കമ്മീഷണറേയും നീക്കണമെന്ന ആവശ്യമായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. ഇതാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ചികിത്സ ലഭിക്കാതെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായതോടെയാണ് ജൂനിയര്‍ ഡോക്ടര്‍മാരുമായി അനുഭാവ ചര്‍ച്ചയ്ക്ക് മമത തയ്യാറായത്. തുടക്കത്തില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ സംരക്ഷിക്കുന്നതായിരുന്നു മമതയുടെ നിലപാട്. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മമതയ്ക്ക് മുട്ടുമടക്കേണ്ടി വരികയായിരുന്നു.
അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് സമരം അവസാനിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും തീരുമാനം. അതിനിടെ മമതയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. ബംഗാളിലെ ജനതയ്ക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മമത രാജിവെയ്ക്കണമെന്നും ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു. ബംഗാളിന്റെ എല്ലാ ഭാഗത്തും പ്രതിഷേധം തുടരുകയാണെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു.