ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ഒരുമിപ്പിക്കുന്ന ശക്തിയാണ് ഗണേശ പൂജ. ഗണേശ പൂജ കോൺഗ്രസിനെ പ്രകോപിപ്പിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുന്ന എല്ലാവരും ഗണേശ പൂജയെ എതിർത്തിരുന്നുവെന്നും മോദി പറഞ്ഞു. ഒഡിഷയിൽ ഭുവനേഷ്വറിൽ നടന്ന റാലിയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
'ഗണേശ് ഉത്സവം വെറുമൊരു ഉത്സവം മാത്രമല്ല. സ്വാതന്ത്ര്യ സമരത്തിൽ ഗണേശോത്സവം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ കാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയത്തിലൂന്നി പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷുകാരും ഗണേശോത്സവത്തെ എതിർത്തിരുന്നു. ഇപ്പോഴും അധികാര കൊതിയിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ നടക്കുന്നവർക്കും ഗണേശ പൂജയോട് എതിർപ്പുണ്ട്,' മോദി പറഞ്ഞു.
കോൺഗ്രസിന് താൻ ഗണേശ പൂജയിൽ പങ്കെടുത്തതിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിന് പിന്നാലെ പൊലീസ് ഗണേശ വിഗ്രഹം കണ്ടുകെട്ടിയിരുന്നു. ഈ സംഭവത്തെ ഉദ്ധരിച്ച് 'കർണാടകയിൽ ഭഗവാൻ ഗണപതി പോലും അഴിക്കുള്ളിലാണ്' എന്നും മോദി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വസതിയിൽ നടന്ന ഗണേശ പൂജയ്ക്കാണ് പ്രധാന മന്ത്രിയെത്തിയത്. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ് രംഗത്തെത്തിയിരുന്നു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജെയ്സിങ് കൂട്ടിച്ചേർത്തു.
ഇതാണ് റിപ്പബ്ലിക്കിന്റെ അവസ്ഥ എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് ആർജെഡി എം പി മനോജ് ഝാ പറഞ്ഞത്. അതേസമയം പൂജയിൽ പങ്കെടുത്തതിനോ ക്ഷണിച്ചതിനോ തെറ്റില്ലെന്നും എന്നാൽ സംഭവത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതാണ് തെറ്റായതെന്നുമായിരുന്നു മുതിർന് നേതാവ് കപിൽ സിബലിന്റെ പ്രതികരണം.