ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

dot image

ഡല്‍ഹി: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ഇന്ന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചത്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കുന്നതിന് കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരാണ് രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

രണ്ട് ഘട്ടങ്ങളിലായി ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും പൂര്‍ത്തീകരിക്കുമെന്നും രണ്ടാം ഘട്ടത്തില്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടം കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ രണ്ടാം ഘട്ടം നടത്തുന്നതായിരിക്കും.

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയോ അവിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാര്‍ പുറത്താകുകയോ ചെയ്താല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനാണ് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ വരുന്ന സര്‍ക്കാരിന്റെ കാലാവധി അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെയായിരിക്കും. ഒറ്റ വോട്ടര്‍ പട്ടികയേ ആവശ്യമുള്ളുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 18,626 പേജുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image