'ജയിലില്‍ കഴിയുന്നത് മുസ്ലിമെങ്കില്‍ ജാമ്യം അന്യം'; ആര്‍എസ്എസിനെതിരെ ദിഗ്‌വിജയ് സിംഗ്

അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ്

dot image

ഇന്‍ഡോര്‍: ജയിലില്‍ കഴിയുന്നവര്‍ മുസ്ലിങ്ങളാണെങ്കില്‍ ജാമ്യം ലഭിക്കുക എളുപ്പമല്ലെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിംഗ്. ഹിറ്റ്‌ലര്‍ ജൂതന്മാരെ ലക്ഷ്യമിട്ടതുപോലെ ആര്‍എസ്എസ് മുസ്ലിങ്ങളെ ലക്ഷ്യമിടുകയാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. 'ജാമ്യമാണ് നിയമം, ജയിലാണ് ഒഴിവാക്കപ്പെട്ടത്' എന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദിഗ്‌വിജയ് സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധങ്ങളില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നാല് വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദിഗ്‌വിജയ് സിംഗ്.

ആര്‍എസ്എസിനെ നഴ്‌സറി എന്ന് വിളിക്കുന്ന സ്ഥലത്ത് നിന്നാണ് താന്‍ വരുന്നതെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. തനിക്ക് അവരെ നന്നായി അറിയാം. അവര്‍ ജനാധിപത്യത്തിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല. അവരുടെ പ്രത്യയ ശാസ്ത്രം എല്ലാ തലങ്ങളിലും നുഴഞ്ഞുകയറുന്നത് ജനാധിപത്യത്തിന് അപകടകരമാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.

ഉമര്‍ ഖാലിദിന്റെ പിതാവ് സയിദ് കീസം റസൂല്‍ ഇല്യാസും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉമറിനെതിരെ യുഎപിഎ ചുമത്തിയ നടപടിയില്‍ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. ഉമറിനും ഗള്‍ഫിഷയ്ക്കും പുറമേ ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയും യുഎപിഎയാണ് ചുമത്തിയിരിക്കുന്നത്. തീവ്രവാദത്തിനെതിരെ രൂപീകരിച്ച നിയമം ഇന്ന് സാധാരണക്കാര്‍ക്കെതിരെ പ്രയോഗിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കോടതി വിചാരണകള്‍ക്ക് ശേഷം ഒരാള്‍ നിരപരാധിയെന്ന് തെളിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഉമറിന്റെ പിതാവ് ചോദിച്ചു. കേസിലെ സാക്ഷികളെ ഡല്‍ഹി പൊലീസ് ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനേയും ഉമറിന്റെ പിതാവ് വിമര്‍ശിച്ചു.

ജയിലില്‍ കഴിയുന്ന ഉമര്‍ അടക്കമുള്ള ആക്ടിവിസ്റ്റുകള്‍ ഒരുനാള്‍ ജനാധിപത്യത്തിന്റെ യോദ്ധാക്കളാകുമെന്ന് സിപിഐഎം എംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കുര്‍ ഭട്ടാചാര്യ പറഞ്ഞു. ഷഹീന്‍ ഭാഗില്‍ സിഎഎ, എന്‍ആര്‍സിക്കെതിരെ നടന്ന പ്രതിഷേധം പൗരത്വ നിയമത്തിനെതിരെ മാത്രമായിരുന്നില്ല. തുല്യ പൗരത്വത്തിന് വേണ്ടിയുള്ള സമരമായിരുന്നുവെന്ന് ദീപാങ്കുര്‍ കൂട്ടിച്ചേര്‍ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us