എമര്‍ജന്‍സി വാര്‍ഡില്‍ ചെരുപ്പിടരുതെന്ന് പറഞ്ഞു; ഗുജറാത്തില്‍ ഡോക്ടര്‍ക്ക് ക്രൂര മര്‍ദ്ദനം, വീഡിയോ

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

dot image

അഹമ്മദാബാദ്: എമര്‍ജന്‍സി റൂമില്‍ ചെരുപ്പിടരുതെന്ന് പറഞ്ഞതിന് ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. ഗുജറാത്ത് ഭവ്‌നഗറിലെ സിഹോറിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ സ്ത്രീയുടെ ഒപ്പം വന്നവരാണ് ഡോക്ടറെ ആക്രമിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

എമര്‍ജന്‍സി റൂമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്ത്രീയ്ക്ക് സമീപം യുവാക്കള്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അല്‍പ സമയത്തിന് ശേഷം ഡോക്ടര്‍ ജയദീപ്‌സിംഹ് ഗോഹില്‍ മുറിയിലേക്കെത്തി യുവാക്കളോട് ചെരുപ്പ് ഊരിയിട്ട ്മുറിയില്‍ കയറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നതും യുവാക്കള്‍ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ ഉണ്ട്.

ആക്രമണത്തില്‍ എമര്‍ജന്‍സി മുറിയിലെ സാധനങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ഹിരേന്‍ ദന്‍ഗര്‍, ഭവ്ദീപ് ദന്‍ഗര്‍, കൗശിക് കുവാഡിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 115(2), 352, 351(3) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ രാജ്യമാകെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.

dot image
To advertise here,contact us
dot image