ജഡ്ജിമാരുടെ മതവിശ്വാസപ്രകടനം പൊതുമധ്യത്തിൽ വേണ്ട; ആത്മീയതയും മതവും തമ്മിൽ കൃത്യമായ വേർതിരിവ് വേണം: ഹിമ കോഹ്‌ലി

ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നടന്ന ​ഗണേശ പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പരാമർശം

dot image

ന്യൂഡല്‍ഹി: പൊതുമധ്യത്തില്‍ ജഡ്ജിമാര്‍ മതവിശ്വാസം പ്രകടിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ജഡ്ജി ഹിമ കോഹ്‌ലി. വിശ്വാസവും ആത്മീയതയും മതത്തില്‍ വ്യത്യസ്തമാണ്. ഇവ രണ്ടും തമ്മില്‍ വ്യക്തമായ അതിര്‍ത്തി ആവശ്യമാണ്. മതത്തെ പൊതുമധ്യത്തിലേക്ക് കൊണ്ടുവരരുത്. മതമെന്ന ആശയം നാല് ചുവരുകള്‍ക്കുള്ളില്‍ നില്‍ക്കേണ്ടതാണെന്നും ഹിമ കോഹ്‌ലി പറഞ്ഞു. ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം വ്യക്തമാക്കുന്നത് പൊതുമധ്യത്തിലുളള എല്ലാം എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അംഗീകരിക്കാനാകണം എന്നാണ്. ഒരു ജഡ്ജിയുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ നീതി നടപ്പാക്കുന്നതില്‍ സ്വാധീനം ചെലുത്തിയേക്കുമെന്ന തോന്നലും ജനങ്ങള്‍ക്ക് ഉണ്ടാകരുത്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ചര്‍ച്ച നടത്തുന്ന സ്ഥലങ്ങളുണ്ട്. പൊതു വിഷയങ്ങളില്‍ പൊതു സമൂഹത്തിന് മുന്നില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്നും ഹിമ കോഹ്‌ലി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന ഗണേശ പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ് രംഗത്തെത്തിയിരുന്നു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ജെയ്‌സിങ് കൂട്ടിച്ചേര്‍ത്തു.

Also Read:

എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിലെ ഗണേശ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ഇന്ത്യയെ ഒരുമിപ്പിക്കുന്ന ശക്തിയാണ് ഗണേശ പൂജ. ഗണേശ പൂജ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുന്ന എല്ലാവരും ഗണേശ പൂജയെ എതിര്‍ത്തിരുന്നുവെന്നും മോദി പറഞ്ഞു. ഒഡിഷയില്‍ ഭുവനേശ്വറില്‍ നടന്ന റാലിയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Also Read:

ഗണേശോത്സവം വെറുമൊരു ഉത്സവം മാത്രമല്ല. സ്വാതന്ത്ര്യ സമരത്തില്‍ ഗണേശോത്സവം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആ കാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയത്തിലൂന്നി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷുകാരും ഗണേശോത്സവത്തെ എതിര്‍ത്തിരുന്നു. ഇപ്പോഴും അധികാരക്കൊതിയില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ നടക്കുന്നവര്‍ക്കും ഗണേശ പൂജയോട് എതിര്‍പ്പുണ്ടെന്നും മോദി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us