ജിഡിപിയില്‍ കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ മുന്നില്‍, ബംഗാള്‍ തകര്‍ച്ചയില്‍; റിപ്പോര്‍ട്ട് പുറത്ത്

ഒരു കാലത്ത് ദേശീയ ശരാശരിയുടെ 127.5 ശതമാനമുണ്ടായിരുന്ന ബംഗാളിന്റെ പ്രതിശീര്‍ഷ വരുമാനം 83.7 ശതമാനമായി കുറയുകയായിരുന്നു

dot image

ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളിലെ സാമ്പത്തിക അസമത്വം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍. കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ ജിഡിപിയില്‍ കാര്യമായ സംഭാവനകള്‍ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒരു കാലത്ത് സാമ്പത്തികമായി ശക്തരായിരുന്ന പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1991ല്‍ അഞ്ച് തെക്കന്‍ സംസ്ഥാനങ്ങളുടെ ആകെയുള്ള പ്രതിശീര്‍ഷ വരുമാനം രാജ്യശരാശരിയുടെ താഴെയായിരുന്നു. എന്നാല്‍ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ജിഡിപിയുടെ 30 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. വലിയ ടെക് കമ്പനികളുള്ള കര്‍ണാടകയും വ്യാവസായിക കേന്ദ്രങ്ങളുള്ള തമിഴ്‌നാടുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. എന്നാല്‍ 1960-61 വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ 10.5ശതമാനം ജിഡിപിയുണ്ടായിരുന്ന ബംഗാളിന്റെ ഈ വര്‍ഷത്തെ ജിഡിപി 5.6 ശതമാനമാണ്.

Also Read:

ഒരു കാലത്ത് ദേശീയ ശരാശരിയുടെ 127.5 ശതമാനമുണ്ടായിരുന്ന ബംഗാളിന്റെ പ്രതിശീര്‍ഷ വരുമാനം 83.7 ശതമാനമായി കുറയുകയായിരുന്നു. കാലങ്ങളായി ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയില്‍ പിന്നാക്കം നില്‍ക്കുന്ന രാജസ്ഥാന്‍, ഒഡീഷ സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് ബംഗാളിന്റെ സ്ഥാനം. പതിറ്റാണ്ടുകളായി സാമ്പത്തിക പ്രകടനത്തില്‍ ബംഗാള്‍ തുടര്‍ച്ചയായ ഇടിവ് അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഹരിത വിപ്ലവത്തിന്റെ ഗുണഭോക്താക്കളായിരുന്ന പഞ്ചാബ് 1991 മുതല്‍ സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 1971ല്‍ പഞ്ചാബിന്റെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയുടെ 169 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 106 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഹരിയാനയുടെ പ്രതിശീര്‍ഷ വരുമാനം 176.8 ശതമാനമായി ഉയര്‍ന്നു. 2000ത്തിന് ശേഷമാണ് ഹരിയാനയില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ത്യയുടെ ജിഡിപിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തന്നെയാണ് തുടരുന്നത്. എങ്കിലും മുന്‍ വര്‍ഷത്തെ 15 ശതമാനത്തില്‍ നിന്നും ജിഡിപി വിഹിതം 13.3 ശതമാനമായി കുറഞ്ഞു. 1960-61ല്‍ 14ശതമാനമുണ്ടായിരുന്ന ഉത്തര്‍പ്രദേശിന്റെ ജിഡിപി 9.5 ശതമാനമായി കുറഞ്ഞു. അതേസമയം 50.30 ശതമാനമുണ്ടായിരുന്ന മണിപ്പൂരിന്റെ പ്രതിശീര്‍ഷ വരുമാനം 66 ശതമാനമായി വര്‍ധിച്ചു.

dot image
To advertise here,contact us
dot image