കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ബംഗാൾ ജൂനിയർ ഡോക്ടേഴ്സ് ഫ്രണ്ട്. ഇത് സംബന്ധിച്ച് സംഘം ചീഫ് സെക്രട്ടറി മനോജ് പന്തിന് ഇ-മെയിൽ വഴി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തങ്ങൾ മുന്നോട്ടുവെച്ച ചില കാര്യങ്ങൾ തള്ളിയെങ്കിലും 99 ശതമാനവും അംഗീകരിച്ച സാഹചര്യത്തിലാണ് വീണ്ടും ചർച്ചയ്ക്ക് തയ്യാറായതെന്ന് ഡബ്ല്യുബിജെഡിഎഫ് പറഞ്ഞു.
മുന്നോട്ട് വെച്ച ആവശ്യങ്ങൾ പൂർണമായി സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കിയിട്ടില്ല. മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പ് പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ആശുപത്രികളിലെ സുരക്ഷയുറപ്പാക്കണമെന്നതാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ പ്രധാനം. എന്നാൽ ഇതിനായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന വിഷയത്തിൽ തീരുമാനമായിട്ടുണ്ടായിരുന്നില്ല. പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ പിരിച്ചു വിടുന്നതിൽ രേഖ മൂലമായ ഉറപ്പുനൽകണമെന്നും എത്രയും വേഗം ഉറപ്പുകൾ സർക്കാർ പാലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉറപ്പുകൾ പാലിക്കും വരെ പ്രതിഷേധം തുടരുമെന്നുമായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധക്കാരെ അഞ്ചാം തവണയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ചർച്ചയുടെ തത്സമയ സംപ്രേഷണം അനുവദിക്കില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ കുറച്ചു മിനിറ്റുകൾ മാത്രം റെക്കോർഡ് ചെയ്യാമെന്നും ജൂനിയർ ഡോക്ടർമാർക്ക് അയച്ച ഔദ്യോഗിക അറിയിപ്പിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് മേധാവിയെ നീക്കുന്നതുൾപ്പെടെ ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് പുറമെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ സേവന ഡയറക്ടർ എന്നിവരെയും നീക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 9നായിരുന്നു പശ്ചിമബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ ഡോക്ടറെ പ്രതി സഞ്ജയ് റോയ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്.