ഗുവാഹത്തി: അസമില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിലവിലുള്ള 'ഒരുണോദോയി' പദ്ധതിക്ക് പകരം 'നാ ലക്ഷ്മി' പദ്ധതി നടപ്പിലാക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഭൂപന്‍ ബോറ. വനിതകള്‍ക്ക് എല്ലാ മാസവും ഒമ്പതാം തിയ്യതി 3000 രൂപ നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
ബിജെപിയില്‍ ചേരുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന തരത്തിലാണ് നിലവിലെ 'ഒരുണോദോയി' പദ്ധതി. വിശാല ജനങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചു കൊണ്ടല്ല നിലവിലെ പദ്ധതി. അസമിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു, 12,600 തൊഴിലവസരങ്ങള്‍ക്ക് 32 ലക്ഷം പേരാണ് അപേക്ഷിക്കുന്നത്. നിരവധി പേര്‍ അവസരം ലഭിക്കാതെ പിന്തള്ളപ്പെടുന്നു. 'നാ ലക്ഷ്മി' പദ്ധതി കൂടുതല്‍ വിശാലവും ഫലപ്രദവുമായ പരിഹാരം നല്‍കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഭൂപന്‍ ബോറ പറഞ്ഞു.
വ്യാഴാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ 'ഒരുണോദോയി 3.0' എന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. 37.2 ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ സ്വജന പക്ഷപാതിത്വം നടത്തുന്നതിലൂടെ പദ്ധതി എല്ലാവരിലേക്കും എത്തില്ല എന്നാണ് ഭൂപന്‍ ബോറ പറയുന്നത്.
'നാ ലക്ഷ്മി' പദ്ധതിയിലൂടെ ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളില്ലാതെ അര്‍ഹതയുള്ള എല്ലാ സ്ത്രീകള്‍ക്കും സാമ്പത്തിക സഹായമെത്തിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. പദ്ധതി നടപ്പിലായാല്‍ മാസം 3000 രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം.