മുംബൈയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ്- ഉദ്ദവ് ശിവസേന തര്‍ക്കം;വിടാതെ എന്‍സിപിയും

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് മുംബൈയിലെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് കണ്ണുവെക്കുന്നുണ്ട്.

dot image

മുംബൈയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ്- ഉദ്ദവ് ശിവസേന തര്‍ക്കം; വിടാതെ എന്‍സിപിയും

മുംബൈ: മുംബൈയിലെ, ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ആറ് സീറ്റുകളെ ചൊല്ലി മഹാ വികാസ് അഘാഡി സഖ്യത്തിലെ കോണ്‍ഗ്രസ്- ഉദ്ദവ് ശിവസേന കക്ഷികള്‍ തമ്മില്‍ തര്‍ക്കം. വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം രൂപം കൊണ്ടത്.

നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഉദ്ദവ് ശിവസേനയില്‍ നിന്ന് സഞ്ജയ് റാവത്ത്, അനില്‍ ദേശായിയും എന്‍സിപിയില്‍ നിന്ന് ജിതേന്ദ്ര അഹ്‌വാദ്, ജയന്ത് പാട്ടീല്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് നാനാ പട്ടോളെയും അതുല്‍ ലോഥേയും പങ്കെടുത്തു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ആറ് സീറ്റുകളുടെ സീറ്റ് വിഭജനത്തെ ചൊല്ലി ചര്‍ച്ച പാതിവഴിയില്‍ മുട്ടി നില്‍ക്കുകയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് മുംബൈയിലെ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് കണ്ണുവെക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്‍ഡ്യ മുന്നണിക്ക് ലഭിച്ച 30 സീറ്റുകളില്‍ 13 സീറ്റുകള്‍ കോണ്‍ഗ്രസിനാണ് ലഭിച്ചത്. ഉദ്ദവ് ശിവസേനക്ക് ഒമ്പതും ശരദ് പവാര്‍ എന്‍സിപിക്ക് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.

ഉദ്ദവ് ശിവസേനയിലേക്ക് പോയ തങ്ങളുടെ പരമ്പരാഗത ന്യൂനപക്ഷ വോട്ട് ബാങ്കിനെ തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടാണ് മുംബൈയിലെ സീറ്റുകളില്‍ കോണ്‍ഗ്രസ് കണ്ണുവെക്കുന്നത്. മുംബൈയിലെയും പരിസര പ്രദേശങ്ങളിലെയും 36 സീറ്റുകളില്‍ 20 സീറ്റുകളാണ് ഉദ്ദവ് ശിവസേന ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് 18 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഏഴ് സീറ്റുകളാണ് എന്‍സിപി ശരദ് പവാര്‍ വിഭാഗം ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്ന പ്രശ്‌നം മുന്നണി രമ്യമായി പരിഹരിക്കുമെന്നും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് ജിതേന്ദ്ര അവാദ് പറഞ്ഞു. അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി സീറ്റ് വിഭജന ചര്‍ച്ച നടക്കും. മുംബൈയിലെ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായാല്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലെ സീറ്റ് വിഭജനം എളുപ്പമാവുമെന്നാണ് മുന്നണി നേതാക്കള്‍ കരുതുന്നത്.

dot image
To advertise here,contact us
dot image