ന്യൂഡല്‍ഹി: ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ പ്രതികരിച്ച് ഏണസ്റ്റ് ആന്റ് യങ് ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമാനി. ജോലി ഭാരം മൂലം കുഴഞ്ഞുവീണാണ് 26 കാരിയായ അന്ന മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണം രാജീവ് മേനാനി തള്ളി. മറ്റേതൊരു ജീവനക്കാര്‍ക്കുമുള്ളതിന് സമാനമായ ജോലി മാത്രമായിരുന്നു അന്നയ്ക്കും ഉണ്ടായിരുന്നതെന്ന് രാജീവ് മേമാനി പറഞ്ഞു.
'സ്ഥാപനത്തിന് കീഴില്‍ ഒരു ലക്ഷത്തിനടുത്ത് ജീവനക്കാരുണ്ട്. ഓരോരുത്തരും കഠിനാധ്വാനം ചെയ്യണം എന്നതില്‍ സംശയമില്ല. നാല് മാസം മാത്രമാണ് അന്ന ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. മറ്റേതൊരു ജീവനക്കാര്‍ക്കും നല്‍കിയതിന് സമാനമായ ജോലികള്‍ മാത്രമാണ് അന്നയ്ക്കും നല്‍കിയിരുന്നത്. ജോലിസമ്മര്‍ദ്ദമാണ് അന്നയുടെ മരണത്തില്‍ കലാശിച്ചതെന്ന് വിശ്വസിക്കുന്നില്ല', രാജീവ് മേമാനി പറഞ്ഞു.
ഇ വൈ ഗ്ലോബലിന് കീഴിലുള്ള എസ് ആര്‍ ബട്ട്‌ലിബോയുടെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു അന്ന. സ്ഥാപനത്തിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ് അന്നയുടേത്. ഇത്തരം സാഹചര്യങ്ങളില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ അന്നയുടെ വിയോഗത്തിലും കമ്പനി സ്വകരിച്ചിട്ടുണ്ട്. അത് തുടരും എന്നും അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് അന്ന താമസിക്കുന്ന സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് അന്നയുടെ പിതാവ് പ്രതികരിച്ചു. അന്നയുടെ മരണത്തിന് ശേഷവും കമ്പനിയുടെ ഭാഗത്ത് നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ പോലും കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്നെന്നും പിതാവ് ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.