കൊച്ചി: അമിത ജോലി ഭാരം 26കാരിയുടെ ജീവന്‍ കവര്‍ന്നു. കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ പേരയിലാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. അന്ന ജോലി ചെയ്ത ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ മാതാപിതാക്കള്‍ രംഗത്തെത്തി. അന്നയുടെ മരണം അമിത ജോലി ഭാരം മൂലമാണെന്ന് ചൂണ്ടിക്കാട്ടി ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അമ്മ അനിത കത്തയച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് അന്ന ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ പൂനെ ഓഫീസില്‍ ജോലിക്ക് പ്രവേശിച്ചത്. അമിത ജോലി ഭാരമുണ്ടായിരുന്നിട്ടും അന്ന ഒരിക്കലും മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അമ്മ അയച്ച കത്തില്‍ പറയുന്നു. അവള്‍ എല്ലാം സഹിച്ചു. ഇനി ഒരു കുടുംബത്തിനും ഇത്തരത്തിലൊരു അനുഭവം ഉണ്ടാകരുത് എന്ന് കരുതിയാണ് കത്തെഴുതുന്നതെന്നും അമ്മ പറഞ്ഞു.
കൊച്ചി സേക്രട്ട് ഹാര്‍ട്ട് കോളേജിലായിരുന്നു അന്നയുടെ കോളേജ് വിദ്യാഭ്യാസം. തുടര്‍ന്ന് സിഎ പരീക്ഷ പാസായി. ഇതിന് ശേഷമാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അന്ന ജോലിക്ക് പ്രവേശിച്ചത്. ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അന്ന വളരെയധികം സന്തോഷവതിയായിരുന്നുവെന്ന് അമ്മ പറയുന്നു. എന്നാല്‍ ജൂലൈ 20 ന് അവളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം അസ്തമിച്ചുവെന്നും അമ്മപറഞ്ഞു.
പൂനയില്‍ അന്നയുടെ സിഎ കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവങ്ങളും അമ്മ പങ്കുവെയ്ക്കുന്നുണ്ട്. കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാന്‍ താനും ഭര്‍ത്താവും ജൂലൈ ആറിനാണ് പോയത്. അന്ന് ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തിയത് അര്‍ദ്ധരാത്രി ഒരു മണിയോടെയാണെന്ന് അമ്മ പറയുന്നു. വീട്ടിലെത്തിയതിന് പിന്നാലെ അവള്‍ക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. തങ്ങള്‍ അവളെ പൂനയിലെ ഒരു ആശുപത്രിയില്‍ കൊണ്ടുപോയി ഹൃദ്രോഗവിദഗ്ധനെ കാണിച്ചു. ഉറക്കമില്ലായ്മയും സമയം തെറ്റിയുമുള്ള ഭക്ഷണക്രമവുമാണ് കാരണമെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിന് ശേഷവും അന്ന ജോലിക്ക് പോയി. കുറേ ജോലി തീര്‍ക്കാനുണ്ടെന്നും അവധിയില്ലെന്നുമാണ് അവള്‍ പറഞ്ഞത്. തൊട്ടടുത്ത ദിവസമായിരുന്നു കോണ്‍വൊക്കേഷന്‍. ജോലി കഴിഞ്ഞ് ഏറെ വൈകിയാണ് അന്ന കോണ്‍വൊക്കേഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. അതിന് ശേഷം വീട്ടിലിരുന്നും അന്ന ജോലി ചെയ്തുവെന്നും അനിത പറയുന്നു.