ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ. രാംനാഥ് കമ്മിറ്റി തട്ടികൂട്ടിയ റിപ്പോർട്ടാണ് നൽകിയതന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പറയേണ്ട ഇടങ്ങളിൽ നിലപാട് പറഞ്ഞിട്ടുണ്ട്. ലോ കമ്മീഷനിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും ലീഗ് പ്രതിനിധികൾ എതിർപ്പ് അറിയിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ രാംനാഥ് കമ്മിറ്റിയെ ബഹിഷ്‌കരിച്ചതാണോ, രാംനാഥ് കമ്മിറ്റി ക്ഷണിച്ചില്ലെ എന്നീ ചോദ്യങ്ങളിൽ നിന്നും മുസ്ലിം ലീഗ് നേതൃത്വം ഒഴിഞ്ഞുമാറി. വേറെ അജണ്ടകളുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ല. രാംനാഥ് കമ്മിറ്റി സമയം കൊടുത്തില്ല. ആരെയും വിളിച്ചില്ലന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനോട് സിപിഐ ആദ്യം തന്നെ എതിർപ്പ് അറിയിച്ചിരുന്നുവെന്ന് സിപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് മുന്നിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ത്യ പോലെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ല. ഭരണഘടന പ്രകാരം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാർത്ഥ്യമാകില്ല. നിരവധി വകുപ്പുകൾ ഭേദഗതി ചെയ്യേണ്ടിവരും. പാർലമെന്റിലെ നിലവിലത്തെ സാഹചര്യത്തിൽ ബിജെപിക്ക് അത് സാധിക്കില്ല. ഒരു പാർട്ടി ഭരണത്തിനുള്ള ശ്രമമാണ് നടക്കുന്നത്. പാർലമെൻറ് എത്തുമ്പോൾ പ്രതിപക്ഷം നിലപാട് സ്വീകരിക്കും. ബിജെപിയല്ല ഇന്ത്യയെന്നും ഡി രാജ പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പറഞ്ഞു. തീരുമാനം ഫെഡറലിസത്തെ ദുർബലപ്പെടുത്തും. ഒരു പാർട്ടിയുടെ അത്യാഗ്രഹത്തിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യം വളയില്ല. ബിജെപി സർക്കാരിന് ഒരിക്കലും പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നത സമിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ കുറിച്ച് പഠിക്കുന്നതിന് കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരാണ് രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചത്. മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.