ന്യൂഡൽഹി: ബിഹാറിൽ ദലിത് വീടുകൾ കത്തിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദളിത് കുടുംബങ്ങളുടെ നിലവിളികൾക്ക് പോലും അഗാധ മയക്കത്തിലായ സർക്കാരിനെ എഴുന്നേൽപ്പിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. നിലവിലെ സംഭവം ബിഹാറിൽ അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അനീതിയാണ് വ്യക്തമാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ഗാന്ധി കുറിച്ചു.
ബിജെപി ദളിത് വിഭാഗങ്ങളെ ഭീഷണപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന വിഭാഗങ്ങൾക്കും സുരക്ഷയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തെയും രാഹുൽ ഗാന്ധി വിമർശിച്ചു. വീട് നഷ്‍ടപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ദളിത് കുടുംബങ്ങളുടെ വീടുകൾ ചുട്ടെരിക്കപ്പെട്ട സംഭവം ഭീതിപ്പെടുത്തുന്നതാണെന്നും ബിഹാറിലെ ക്രമസമാധാനം നഷ്ടപ്പെട്ടെന്നും പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബിഎസ്പി അധ്യക്ഷ മയാവതി തുടങ്ങിയവരും ബിഹാർ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് വീടുകൾ കത്തിക്കുന്നതിലേക്ക് നയിച്ചതെന്ന് നവാഡ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സുനിൽ കുമാർ പറഞ്ഞത്. ബിഹാറിലെ മഹാദളിത് കോളനിയിലുണ്ടായ അക്രമം ബിജെപി സർക്കാരിന്റെ ജംഗിൾ രാജിന്റെ ഉദാഹരണമാണ് എന്ന് ഖർഗെ പറഞ്ഞു. രാത്രിയുടെ മറവിൽ നൂറോളം ദളിത് വീടുകൾ അഗ്നിക്കിരയാക്കുകയും വെടിവെപ്പ് നടത്തുകയും പാവപ്പെട്ട കുടുംബങ്ങളുടെ എല്ലാം തട്ടിയെടുക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ദളിത് വിഭാഗത്തോടുള്ള കുറ്റകരമായ അവഗണനയും സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും താത്പര്യവും അതിന്റെ ഉച്ഛസ്ഥായിയിലെത്തിയിരിക്കുകയാണ്. എന്നത്തേയും പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണ്. നിതീഷ് കുമാറിനെ ഇതൊന്നും തന്നെ ബാധിക്കില്ലെന്ന സമീപനമാണെന്നും ഖർഗെ പറഞ്ഞു.
സംഭവത്തെ അപലപിക്കുന്നുവെന്നും ഇരകൾക്ക് പുനരധിവാസത്തിനുള്ള സൗകര്യവും ഒപ്പം സാമ്പത്തിക സഹായം നൽകണമെന്നും മായാവതി പറഞ്ഞു.
ബിഹാറിലെ നവാഡയിൽ കഴിഞ്ഞ ദിവസമായിരുന്നു എൺപതോളം ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ വീടുകൾ തീയിൽ ചുട്ടെരിക്കപ്പെട്ടത്. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘമാണ് ദളിത് വിഭാഗക്കരുടെ വീട് ആക്രമിക്കുകയും, അഗ്നിക്കിരയാക്കുകയും ചെയ്തതെന്നാണ് പരാതി. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടർന്നു.
ഗ്രാമത്തിലെ ആളുകളെ മുഴുവൻ താൽക്കാലിക സുരക്ഷാ മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.