ബിജെപി വ്യാജ മെമ്പർഷിപ്പ് കാമ്പെയ്‌നുകൾ നടത്തുന്നു; തെറ്റായ കണക്കുകൾ കാണിക്കുന്നു: തേജസ്വി യാദവ്

രാജ്യത്തുടനീളം തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ആർജെഡി മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്

dot image

പട്‌ന: ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പെയ്‌നിനെ പരിഹസിച്ച് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ആർ‌ജെഡി നേതാവുമായ തേജസ്വി യാദവ്. ബിജെപി വ്യാജ മെമ്പർഷിപ്പ് കാമ്പെയ്‌നുകൾ നടത്തുകയും തെറ്റായ കണക്കുകൾ കാണിക്കുകയും ചെയ്യുന്നതായി തേജസ്വി യാദവ് പറഞ്ഞു. പട്‌നയിലെ ആർജെഡിയുടെ സംസ്ഥാന ഓഫീസിൽ മെമ്പർഷിപ്പ് ഡ്രൈവ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബിജെപി സ്വയം ഏറ്റവും വലിയ പാർട്ടിയാണെന്ന് അവകാശപ്പെടുന്നു. പക്ഷേ ഡൽഹിയിൽ അവർക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം അതിൻ്റെ അംഗങ്ങളുടെ എണ്ണത്തേക്കാൾ കുറവാണ്. ബിഹാറിലും ഇതുതന്നെ സംഭവിച്ചു . ബിജെപി ഓൺലൈനിൽ വ്യാജ മെമ്പർഷിപ്പ് കാമ്പെയ്‌നുകൾ നടത്തുകയും തെറ്റായ കണക്കുകൾ കാണിക്കുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു. ബിഹാറിൽ പരമാവധി അംഗങ്ങളുള്ള പാർട്ടിയായി ആർജെഡി മാറുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു.

“ബിഹാറിൽ മാത്രമല്ല, 20 ലധികം സംസ്ഥാനങ്ങളിൽ ഞങ്ങൾ അംഗത്വ ഡ്രൈവ് ആരംഭിക്കുകയാണ്. ഞങ്ങൾ ഒരു കോടി അംഗങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ട്. വരും മാസങ്ങളിലും ഡ്രൈവ് തുടരും, ”അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളും ആർജെഡിയിൽ അംഗങ്ങളാകുമെന്ന് തേജസ്വി യാദവ് കൂട്ടിച്ചേർത്തു. 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിഹാറിൽ ആർജെഡിയും സഖ്യകക്ഷികളും സർക്കാർ രൂപീകരിക്കുമെന്നും യാദവ് പറഞ്ഞു.

അംഗത്വ യജ്ഞത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ആർജെഡി മെമ്പർഷിപ്പ് ഡ്രൈവ് ആരംഭിച്ചത്. ആർജെഡി ദേശീയ അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ഡൽഹിയിലെ റാബ്രി ഭവനിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു.

dot image
To advertise here,contact us
dot image