കൊല്‍ക്കത്ത ബലാത്സംഗ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ലൈസന്‍സ് റദ്ദാക്കി

തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

dot image

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കി. പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിന്റേതാണ് നടപടി.
കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് സന്ദീപിനെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

1914ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തത്. സന്ദീപ് ഘോഷിന്റെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ ഡബ്ല്യൂബിഎംസിയോട് (വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍) ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പാടില്ലെന്ന് വിശദീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഡബ്ല്യൂബിഎംസി സെപ്റ്റംബര്‍ 7ന് ഘോഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സിബിഐ കസ്റ്റഡിയിലുള്ള ഘോഷ് നോട്ടീസിനോട് പ്രതികരിച്ചില്ല.

സന്ദീപ് ഘോഷിന്റെ നുണപരിശോധനയിലെ മറുപടികള്‍ വഞ്ചനാപരമാണെന്ന് സിബിഐ നേരത്തേ ആരോപിച്ചിരുന്നു. നുണ പരിശോധനയ്ക്കിടയിലും ശബ്ദ വിശകലനത്തിനിടയിലും സന്ദീപ് ഘോഷ് വഞ്ചനാപരമായ മറുപടി നല്‍കിയതായി സിബിഐ പറഞ്ഞു. രാവിലെ 9.58ന് തന്നെ സന്ദീപ് ഘോഷിന് മരണ വിവരം ലഭിച്ചെന്നും എന്നാല്‍ അദ്ദേഹം ഉടനടിയുള്ള നടപടി സ്വീകരിച്ചില്ലെന്നും സിബിഐ പറഞ്ഞു. പിന്നീട് സന്ദീപ് ഘോഷ് അവ്യക്തമായ പരാതി നല്‍കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി.

'പെട്ടെന്ന് പരാതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ശരീരത്തിന്റെ കീഴ്ഭാഗത്ത് വസ്ത്രമില്ലാതെ, ശരീരത്തിന്റെ പുറത്ത് മുറിവുകളോട് കൂടി അതിജീവിതയെ കണ്ടിട്ടും ആത്മഹത്യയാണെന്ന് അവതരിപ്പിച്ചു. പകല്‍ 10.03ന് സന്ദീപ് ഘോഷ് താല പൊലീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് അഭിജിത് മൊണ്ടാലുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് 11.30നാണ്', സിബിഐ പറഞ്ഞു. 10.03ന് തന്നെ വിവരം ലഭിച്ചിട്ടും കുറ്റകൃത്യം നടന്ന സ്ഥലത്ത് പെട്ടെന്ന് എത്താത്തതിന്റെ പേരില്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൊണ്ടാലിനെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രവുമല്ല, ചെസ്റ്റ് മെഡിസിനിലെ സെമിനാര്‍ ഹാളില്‍ അതിജീവിതയെ അബോധാവാസ്ഥയില്‍ കണ്ടെത്തിയെന്നാണ് ജനറല്‍ ഡയറിയില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പ് തന്നെ ഒരു ഡോക്ടര്‍ അതിജീവിതയെ പരിശോധിച്ച് മരിച്ചെന്ന് കണ്ടെത്തിയിരുന്നു.

ആശുപത്രി അധികൃതരും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി ജനറല്‍ ഡയറിയില്‍ മനപ്പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയതാണെന്നും സിബിഐ ആരോപിച്ചു. മൊണ്ടാല്‍ എഫ്ഐആര്‍ രജസിറ്റര്‍ ചെയ്യാന്‍ വൈകിയെന്ന് മാത്രമല്ല, സംഭവം നടന്ന സ്ഥലം സംരക്ഷിക്കാത്തതിനാല്‍ പ്രധാനപ്പെട്ട തെളിവുകള്‍ നശിച്ചെന്നും സിബിഐ പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് അനധികൃതമായി പ്രവേശിച്ച് മുഖ്യപ്രതി സഞ്ജയ് റോയിയെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും സിബിഐ അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us