ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണം തൊഴിലങ്ങളിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി പേർ അന്നയുടെ മരണത്തിന് പിന്നാലെ തങ്ങളനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ തയ്യാറാവുകയാണ്. എന്നാൽ ചിലരാകട്ടെ തുറന്നുപറച്ചിൽ മാത്രമല്ലാതെ, പ്രതിഷേധവും മറ്റുമായാണ് മുന്നോട്ടുപോകുകയാണ്. ഇപ്പോളിതാ ഇ വൈ കമ്പനിക്കെതിരെ അവിടെ ജോലി ചെയ്തിരുന്ന ഒരു യുവതിയുടെ ടെക്കിയായ ഭർത്താവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ആകാശ് വെങ്കടസുബ്രമണ്യം എന്ന ടെക്കിയാണ് തന്റെ ഭാര്യയ്ക്കു ഉണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് ലിങ്ക്ഡ്ഇന്നിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇ വൈ കമ്പനിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്ന ആകാശ് എംഎൻസികളുടെ പൊതു ജോലിസ്വഭാവത്തെക്കുറിച്ചും പറയുന്നുണ്ട്. തന്റെ ഭാര്യ ഇ വൈ കമ്പനിയിൽ നിന്നും ടോക്സിക്കായ ജോലി സാഹചര്യങ്ങളാൽ രാജി വെച്ചതാണെന്നും, അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അവളുടെ അവസ്ഥ ഇപ്പോൾ എന്താകുമായിരുന്നുവെന്നും ആകാശ് ചോദിക്കുകയാണ്.
പതിനെട്ട് മണികൂർ ജോലിസമയം എന്നത് ഇന്ത്യയിലെഎംഎൻസികൾക്ക് വളരെ സാധാരണമായ ജോലി സമയമാണ്. എന്നാൽ ഇന്ത്യക്ക് പുറത്ത് ഒരാളെയും ഇവർ ഇങ്ങനെ പണിയെടുപ്പിക്കില്ലെന്നും ആകാശ് പറയുന്നു. ഇന്ത്യക്കാരെ എന്ത് പണിയുമെടുക്കുന്ന കഴുതകളായും, മുഴുവൻ നേരവും ജോലി ചെയ്യുന്ന ഫാക്ടറിയായുമായാണ് അവർ കാണുന്നതെന്നും ആകാശ് കുറിക്കുന്നു.
കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷവിമർശനം ആകാശ് ഉന്നയിക്കുന്നുണ്ട്. കൃത്യമായി നികുതി മേടിക്കുന്ന സർക്കാർ ഇത്തരം സംഭവങ്ങളോട് മുഖം തിരിക്കുകയാണ്. തൊഴിലാളികൾ പിരിച്ചുവിടപ്പെടുമ്പോൾ ഇടപെടുന്നില്ല എന്ന് മാത്രമല്ല അപ്പോഴും നികുതികൾ മേടിച്ചുകൊണ്ടേയിരിക്കുകയാണെന്നും ആകാശ് പറയുന്നു. കോർപ്പറേറ്റ് മേഖലയിലെ ജോലി ഭാരം നിയന്ത്രിക്കാനും മറ്റും പുതിയ നിയമങ്ങൾ സർക്കാർ കൊണ്ടുവരണമെന്നും ആകാശ് ആവശ്യപ്പെടുന്നുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ ഇരുപതിനാണ് കളമശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യന്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇ. വൈ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കക്കുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്തില്‍ അനിത സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോള്‍ പലപ്പോഴും രാത്രി ഒരു മണിയാകുമായിരുന്നു. ഇതിന് ശേഷവും പണിയെടുക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അമ്മ ചൂണ്ടിക്കാട്ടിയിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛന്‍ സിബി ജോസഫും പറഞ്ഞിരുന്നു.
ഇന്ത്യയിലെ നാലാമത്തെ ബഹുരാഷ്ട്ര കമ്പനിയാണ് ഏണസ്റ്റ് ആന്‍ഡ് യങ്. അന്നയുടെ മരണത്തിന് ശേഷം നിരവധി പേര്‍ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസിക പീഡനം, നിയമ വിരുദ്ധമായി സ്ഥാപനത്തില്‍ നിന്ന് പുറത്താക്കല്‍, അവധി അനുവദിക്കാതെയുള്ള ജോലി സമ്മര്‍ദം തുടങ്ങിയ ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി കമ്പനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.