കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസിന് ഇനി പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍. ശുഭാംഗര്‍ സര്‍ക്കാരാണ് പുതിയ അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു സര്‍ക്കാര്‍.
മുന്‍ ലോക്‌സഭാ എംപി അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൗധരി പരാജയപ്പെട്ടതോടെ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. മുന്‍ ക്രിക്കറ്റ് താരം യുസുഫ് പത്താനോടാണ് ചൗധരി പരാജയപ്പെട്ടത്. അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകളെ ഹൈക്കമാന്‍ഡ് പ്രകീര്‍ത്തിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും മികച്ച ബന്ധം സൂക്ഷിക്കാന്‍ കഴിയുന്ന നേതാവ് ആരെന്ന അന്വേഷണത്തിലായിരുന്നു ഹൈക്കമാന്‍ഡ്. വിവിധ ഘടകങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശുഭാംഗര്‍ സര്‍ക്കാരെന്ന പേരിലേക്ക് ഹൈക്കമാന്‍ഡെത്തിയത്.