കൊച്ചി: തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചാറ്റേർഡ് അക്കൗണ്ടന്റായ കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ സ്വമേധയ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തെ തുടർന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷന്റെ നിർദേശം. സംഭവത്തിൽ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
അന്ന ജോലി ചെയ്തിരുന്ന ഇ വൈ കമ്പനിക്കെതിരെ കഴിഞ്ഞ ദിവസം ജീവനക്കാരി വെളിപ്പെടുത്തൽ നടത്തിയിരുന്നു. തൊഴിൽ സമ്മർദ്ദം ഇ വൈ കമ്പനിയുടെ സ്ഥിരം സംഭവമാണെന്നാണ് ജീവനക്കാരിയായ നസീറ കാസിം പറയുന്നത്. ആഭ്യന്തര സമിതിയ്ക്ക് പരാതി നൽകിയാൽ പ്രതികാര നടപടി സ്വീകരിക്കുന്ന രീതിയാണ് കമ്പനിയുടേത്. ഇനിയൊരു അന്ന ഉണ്ടാകും മുൻപ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടിരുന്നു. കമ്പനിയുടെ ചെയർമാൻ രാജീവ് മേമാനിയുടെ സന്ദേശത്തിന് മറുപടിയായിട്ടായിരുന്നു നസീറയുടെ ഇ-മെയിൽ.
ഇ വൈ കമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടൻ്റാണ് നസീറ. കമ്പനിയിൽ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ നസീറ തുറന്നുകാട്ടുകയും ചെയ്തിരുന്നു. ജീവനക്കാരോട് വിവേചനപരമായ സമീപനമായിരുന്നു കമ്പനിയുടേത്. മാനസിക പീഡനവും അപമാനവും നേരിടേണ്ട സാഹചര്യമുണ്ട്. ഇതിനെതിരെ പ്രതികരിച്ചാൽ മാനേജ്മെന്റ് പ്രതികാര നടപടി സ്വീകരിക്കും. ജീവനക്കാരെ മാനസികവും ശാരീരികവുമായി കമ്പനി ചൂഷണം ചെയ്യുകയാണെന്നുമായിരുന്നു നസീറ ആരോപിച്ചത്. അന്നയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിക്കെതിരെ രംഗത്തുവരുന്നുണ്ട്.
ജൂലൈ 20നാണ് കളമശ്ശേരി കങ്ങരപ്പടി സ്വദേശിനിയായ അന്ന സെബാസ്റ്റ്യൻ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഇവൈ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിക്ക് പ്രവേശിച്ച് നാല് മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം. ഉറക്കകുറവും സമയം തെറ്റിയുള്ള ഭക്ഷണരീതിയും അന്നയുടെ ഹൃദയാരോഗ്യത്തെ ബാധിച്ചിരുന്നതായി ചെയർമാൻ രാജീവ് മേമാനിക്ക് അയച്ച കത്തില് അന്നയുടെ അമ്മ അനതി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി കഴിഞ്ഞ് അന്ന വീട്ടിലെത്തുമ്പോൾ പലപ്പോഴും രാത്രി ഒരുമണിയാകുമായിരുന്നുവെന്ന് അമ്മ കത്തിൽ സൂചിപ്പിച്ചിരുന്നു. മരണശേഷം പോലും അന്നയെ അവഗണിക്കുന്ന മനോഭാവമായിരുന്നു കമ്പനിയുടേതെന്ന് അച്ഛൻ സിബി ജോസും പ്രതികരിച്ചിരുന്നു.