ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ലീഡേര്‍സ് ഉച്ചക്കോടിയില്‍ മോദി പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയാണ് ക്വാഡ് രാജ്യങ്ങള്‍. ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലെ (യുഎന്‍ജിഎ) 'ഭാവി ഉച്ചക്കോടി'യിലും അദ്ദേഹം പങ്കെടുക്കും.
മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രി രണ്‍ദീര്‍ ജയ്‌സ്വാള്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം മോദി പുറത്ത് വിട്ട പ്രസ്താവനയില്‍ അമേരിക്കന്‍ യാത്രയുടെ പ്രധാനപ്പെട്ട നാല് അജണ്ടകള്‍ വ്യക്തമാക്കി.
ക്വാഡ് ഉച്ചക്കോടിയില്‍ വെച്ച് ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കുമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സമാന ചിന്താഗതിയുള്ള രാജ്യങ്ങളുടെ പ്രധാന ഗ്രൂപ്പായി ക്വാഡ് മാറിയെന്ന് മോദി പറഞ്ഞു. അടുത്ത വര്‍ഷം ക്വാഡ് ഉച്ചക്കോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.
അതേസമയം റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകളും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടക്കും. ബൈഡനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചിരുന്നു.