ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം 30 കഷ്ണങ്ങളായി അടച്ചിട്ട വീടിനുള്ളിലെ ഫ്രിഡ്ജിൽ നിന്നും കണ്ടെത്തി. മഹാലക്ഷ്മി എന്ന 29 കാരിയാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ വലയിക്കാവൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൃതദേഹത്തിന് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
'വയലിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അടച്ചിട്ട വീട്ടിൽ സ്ത്രീയുടെ മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല്- അഞ്ച് ദിവസം പഴക്കമുള്ളതായി കരുതുന്നു. മൃതദേഹം തിരിച്ചറിഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ അറിയിക്കും. അഡീഷണൽ പൊലീസ് കമ്മീഷണർ എൻ സതീഷ് കുമാർ പറഞ്ഞു. അടച്ചിട്ട വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. അതോടെ പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് വീടിന്റെ ഉള്ളിൽ ഫ്രിഡ്ജിൽ നിന്ന് മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്.
പ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ച് മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് സിറ്റി പൊലീസ് പറഞ്ഞു.ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു യുവതി. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ബെംഗളൂരു സെൻട്രൽ ഡിവിഷനൽ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു.