അർജുൻ്റെ അമ്മയോട് മാപ്പ് ചോദിക്കുന്നു; ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെ ഈശ്വർ മാൽപെ മടങ്ങുന്നു

ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റില്‍ നിന്നും തിരച്ചിലിൽ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നാലെ മാല്‍പെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസത്തിലേക്കെത്തുകയായിരുന്നു.

dot image

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ വീണ്ടും അനിശ്ചിതത്വം. ഷിരൂര്‍ ദൗത്യത്തില്‍ നിന്നും മടങ്ങുന്നതായി ഈശ്വര്‍ മാല്‍പെ. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വര്‍ മാല്‍പെ ദൗത്യത്തില്‍ നിന്ന് പിന്മാറുന്നത്.

ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തിരച്ചിലില്‍ പങ്കാളിയാക്കാതെ മാല്‍പെയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ അദ്ദേഹത്തെ ദൗത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.

ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റുകളിലെ തിരച്ചിലില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നാലെ മാല്‍പെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസത്തിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തിരിച്ചു പോകുകയാണെന്നും എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ലെന്നും മാല്‍പെ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'വലിയ ഹീറോയാകണ്ടെന്ന് പറഞ്ഞ് ഒരു ഫോണ്‍ വന്നു. ഞാന്‍ ഹീറോയാവാന്‍ വന്നതല്ല, അര്‍ജുന്റെ തിരച്ചിലിന് വേണ്ടി വന്നതാണ്. ഞങ്ങള്‍ തിരിച്ച് നാട്ടില്‍ പോകുന്നു, എല്ലവരോടും ക്ഷമ ചോദിക്കുന്നു. കുടുംബത്തെയും കുട്ടികളെയും വിട്ടാണ് ഇവിടെ വന്നത്. എന്നിട്ട് അടി ഉണ്ടാക്കി നില്‍ക്കേണ്ട ആവശ്യമില്ല. എന്താണ് സംഭവമെന്ന് അറിയില്ല. അര്‍ജുന്റെ അമ്മയോട് ക്ഷമ ചോദിക്കുന്നു. തിരച്ചിലിന് ഒരുപാട് ബുദ്ധിമുട്ടുണ്ട്. കേരളക്കാരോട് മാപ്പ് ചോദിക്കുന്നു,' ഈശ്വര്‍ മാല്‍പെ പറഞ്ഞു.

ജില്ലാ ഭരണകൂടത്തില്‍ നിന്നും വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്നും ആരും പണം തന്നിട്ടല്ല വന്നതെന്നും മാല്‍പെ കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ഥലവും നോക്കി, ഇന്ന് സ്‌കൂട്ടര്‍ കിട്ടിയിടത്ത് ഇനിയും തടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ പറഞ്ഞു. അനുകൂല സാഹചര്യമുണ്ടെങ്കില്‍ തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us